ഡ്രൈവിങ്ങ് ലൈസന്‍സ് സീനാണ്; അപേക്ഷിക്കാന്‍ സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, പ്രിന്റിങ്ങിന് കാര്‍ഡുമില്ല
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച ഇടപാടുകള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നു. വെബ്സൈറ്റ് നിരന്തരം തകരാറാകുന്നതുമൂലം ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഫീസടയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടപാടു തീരുംമുന്‍പേ സമയപരിധി കഴിയും. തുടരണമെങ്കില്‍ ആദ്യംമുതലേ തുടങ്ങണം.അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സൈറ്റ് തകരാറാകാം.
സമയമേറെയെടുത്താണ് പലരും അപേക്ഷാനടപടി പൂര്‍ത്തിയാക്കുന്നത്. പരാതികള്‍ കൂടിയിട്ടും പരിഹരിച്ചില്ല. രണ്ടാഴ്ചയായി പ്രശ്‌നം തുടരുകയാണെന്ന് ഇടപാടുകാര്‍ പറയുന്നു.മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത സോഫ്റ്റ്വേറായ സാരഥിയിലെ തകരാറാണ് പ്രശ്‌നത്തിനു കാരണം. ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍, ലേണേഴ്‌സ് എടുക്കല്‍ തുടങ്ങിയവ ഇതുമൂലം സ്തംഭിച്ചിരിക്കുകയാണ്.
ലൈസന്‍സ് കാലാവധിതീരാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കുന്നവരെയാണ് ഇത് ഏറെ ബാധിക്കുന്നത്. കാലാവധി തീരുംമുന്‍പ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ വാഹനമോടിക്കാന്‍ പറ്റാത്ത സ്ഥിതിയാകും. ഡ്രൈവിങ് സ്‌കൂളുകാരെയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്.
ഇതിനിടെ ഡ്രൈവിങ്ങ് ലൈസന്‍സ്, ആര്‍.സി. ബുക്ക് തുടങ്ങിയവ പി.വി.സി. കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിനുള്ള പ്രിന്റിങ്ങിലും പലപ്പോഴായി തടസ്സമുണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്. ദിവസങ്ങളോളം മുടങ്ങി കിടന്നിരുന്ന പ്രിന്റിങ്ങ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നെങ്കിലും കാര്‍ഡുകള്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. നാല് ലക്ഷത്തോളം ലൈസന്‍സ് ആര്‍.സിയും അടിക്കാന്‍ വെറും 20,000 കാര്‍ഡുകളാണ് കഴിഞ്ഞ ദിവസം എത്തിയത്.
ഉള്ളതുവെച്ച് പണി തുടങ്ങി, ഏറെ വൈകാതെ സാധനം തീര്‍ന്നു. പിന്നാലെ വീണ്ടും അച്ചടി മുടങ്ങി. ലൈസന്‍സും ആര്‍.സി.യും പി.വി.സി. കാര്‍ഡാക്കി നല്‍കുന്ന ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ.ടി.ഐ.) കമ്പനിക്ക് എട്ടുകോടിയോളം രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കാനുള്ളതെന്നാണ് റിപ്പോര്‍ട്ട്. കുടിശ്ശിക കൂടിയതോടെ എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ് യൂണിറ്റിലേക്ക് കഴിഞ്ഞമാസം മുതല്‍ ഐ.ടി.ഐ. അച്ചടിസാമഗ്രികളുടെ വിതരണം നിര്‍ത്തി വെച്ചിരുന്നു.
No comments
Post a Comment