സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് 1.5 കോടി തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിച്ച് കേന്ദ്രം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന്റെ വെട്ടിക്കുറച്ച ഒന്നരക്കോടി തൊഴില്‍ ദിനങ്ങള്‍ കൂടി പുനഃസ്ഥാപിക്കാന്‍ നിര്‍ബന്ധിതമായി കേന്ദ്ര സര്‍ക്കാര്‍. നവകേരള സദസ്സില്‍ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഈ വിഷയത്തില്‍ക്കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ഇതേ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്.ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം ആദ്യം അനുവദിച്ചത് 6 കോടി തൊഴില്‍ ദിനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ച 9.50 കോടി തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് 9.65 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് മാതൃകയായ സംസ്ഥാനത്തോടായിരുന്നു വിവേചനപരമായ ഈ സമീപനം. പടിപടിയായി കേരളത്തിനുള്ള തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് എതിരെ സംസ്ഥാനസര്‍ക്കാരും തൊഴിലുറപ്പ് തൊഴിലാളികളും വലിയ പ്രതിഷേധം ഉയര്‍ത്തി. മന്ത്രിയെന്ന നിലയില്‍ ദില്ലിയില്‍ നേരിട്ടെത്തി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ട് കോടി തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിക്കാന്‍ അന്ന് കേന്ദ്രം നിര്‍ബന്ധിതമായി. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനിലപാട് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. ഈ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഈ വര്‍ഷം വെട്ടിച്ചുരുക്കിയ മുഴുവന്‍ തൊഴില്‍ ദിനങ്ങളും കേന്ദ്രത്തിന് പുനഃസ്ഥാപിക്കേണ്ടിവന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
No comments
Post a Comment