സ്‌മൈല്‍ 2024; പ്ലസ് ടുവിലും തിളങ്ങാന്‍ വിപുല പദ്ധതികള്‍
കണ്ണൂർ: സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലും വിജയശതമാനം ഉയര്‍ത്തി ജില്ലയെ ഒന്നാമതെത്തിക്കാന്‍ വിപുലമായ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. സ്‌മൈല്‍ 2024 പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെയും പി ടി എ പ്രസിഡണ്ടുമാരുടെയും മുന്നൊരുക്ക യോഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മോട്ടിവേഷന്‍ ക്ലാസുകള്‍, സ്‌പെഷല്‍ പിടിഎ മീറ്റിങുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, വിദ്യാര്‍ഥികളെ ബാച്ചുകളായി തിരിച്ച് പ്രത്യേക പരിശീലനം, ഓരോ കുട്ടികള്‍ക്കും പ്രത്യേക പരിഗണന, ചോദ്യബാങ്കുകള്‍ തയ്യാറാക്കി മോഡല്‍ പരീക്ഷകള്‍ എന്നിവ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. പ്ലസ് ടു വിജയ ശതമാനം 90 ശതമാനത്തിനു മുകളിലെത്തിക്കുക, എല്ലാ വിഷയത്തിലും എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എസ് എസ് എല്‍ സി പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷം ജില്ലക്ക് ലഭിച്ച ഒന്നാം സ്ഥാനമെന്ന നേട്ടം പ്ലസ് ടു വിലും കൈവരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് കെ ആബിദ, ചന്ദ്രന്‍ കല്ലാട്ട്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ പി അംബിക, ആര്‍ഡിഡി കെ ആര്‍ മണികണ്ഠന്‍, ഹയര്‍ സെക്കണ്ടറി വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ എം കെ അനൂപ് കുമാര്‍, വിഎച്ച്എസ്ഇ എഡി ഇ ആര്‍ ഉദയകുമാരി, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, ഹയര്‍ സെക്കണ്ടറി വിഭാഗം അസി കോ-ഓര്‍ഡിനേറ്റര്‍ വി സ്വാതി തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment