കാൻസർ നിയന്ത്രിത കണ്ണൂർ ; പരിശോധനാ ക്യാമ്പുകൾ ജനുവരി 20 മുതൽ
കണ്ണൂർ :- കാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ പദ്ധതിയുടെ മൂന്നാംഘട്ട തുടർപ്രവർത്തനത്തിന്റെ ഭാഗമായി നടന്ന സോൺതല സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനവും സംഘാടകസമിതി രൂപീകരണവും പൂർത്തിയായി. സോണുകൾ കേന്ദ്രീകരിച്ചുള്ള ഗ്രാമതല ഫിൽറ്റർ ക്യാംപുകൾക്ക് ജനുവരി 20ന് പള്ളിക്കുന്ന് സോണിലെ ശ്രീപുരം നഴ്സറി സ്‌കൂളിൽ തുടക്കമാകും. പരിശീലനം ലഭിച്ച വൊളൻ്റിയർമാരുടെ സേവനം ഉപയോഗപ്പെടുത്തി വീടുകളിൽ നിന്നു കാൻസർ സാധ്യത ലക്ഷണം കണ്ടെത്തുന്നവരെയാണ് ക്യാംപിൽ വിദഗ്‌ധ പരിശോധനയ്ക്കു വിധേയമാക്കുക.
വിദഗ്‌ധ പരിശോധനയ്ക്കായി നിർദേശിക്കപ്പെടുന്നവർക്ക് ഫെബ്രുവരി 18ന് നടത്തുന്ന മെഗാ ക്യാംപിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ സഞ്ചരിക്കുന്ന ആശുപത്രിയായ സഞ്ജീവനി ടെലി- ഓങ്കോനെറ്റ് യൂണിറ്റിലെ അൾട്രാസൗണ്ട് സ്കാൻ, ഡിജിറ്റൽ മാമോഗ്രാം, ലാബ് തുടങ്ങിയ ചെലവേറിയ പരിശോധനകൾ സൗജന്യമായി ലഭ്യമാക്കുന്നതാണ്. ഫിൽറ്റർ ക്യാംപിൽ പരിശോധനയ്ക്കായി രാവിലെ 9ന് കേന്ദ്രങ്ങളിൽ സ്പോട്ട് റജിസ്ട്രേഷൻ ചെയ്യാം. വിവരങ്ങൾക്ക് പിഎച്ച്സി മെഡിക്കൽ ഓഫിസർമാരെ ബന്ധപ്പെടാം.
No comments
Post a Comment