ഓൺലൈൻ തട്ടിപ്പ്: മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 9.6 ലക്ഷം രൂപ
മട്ടന്നൂർ : ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി. വെബ്സൈറ്റ് വഴി നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.
പലതവണകളായി ഇവർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകുകയായിരുന്നു. പിന്നീടാണ് ഇത് വ്യാജ വെബ്‌സൈറ്റാണെന്നും പണം നഷ്ടമായെന്നും വ്യക്തമായത്. പണം തിരികെ ചോദിച്ചപ്പോൾ വീണ്ടും പണം നൽകിയാൽ മാത്രമേ തിരികെ നൽകാൻ കഴിയുവെന്നാണ് അറിയിച്ചത്. പരാതി നൽകിയതിനെ തുടർന്ന് മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
യോനോ ആപ്പിന്റെ പേരിൽ വ്യാജ സന്ദേശമയച്ച് പണം തട്ടിയെന്ന പരാതിയിൽ എടക്കാട് പോലീസും കേസ് എടുത്തിട്ടുണ്ട്. മാവിലായി സ്വദേശിയായ പരാതിക്കാരന്റെ മൊബൈൽ നമ്പറിലേക്ക് യോനോ റിവാർഡ് ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുക ആയിരുന്നു. തുടർന്ന് ഒ.ടി.പി നൽകിയത് വഴി 49,875 രൂപ തട്ടിയെടുക്കുകയായിരുന്നു.
വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും ലിങ്കുകളിൽ നിന്നും ഉള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സൈബർ പോലീസ് അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിൽ പോലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടണം. cybercrime.gov.in എന്ന വെബ്‌സൈറ്റിൽ പരാതി റിപ്പോർട്ട് ചെയ്യാം.
No comments
Post a Comment