പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ വരുമാനം മുടങ്ങി, ഷാജഹാൻ എന്ന പേര് പറയുമ്പോഴും രേഖകളിലെല്ലാം സവാദ് തന്നെ
കണ്ണൂർ: ഷാജഹാൻ എന്ന പേരാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെങ്കിലും മതനിന്ദയുടെ പേരിൽ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയുടെ രേഖകളിൽ എല്ലാം ഉപയോഗിച്ചത്
സവാദ് എന്ന പേര് തന്നെ. ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡ് എന്നിവയിലുൾപ്പെടെ സവാദ് എന്ന് തന്നെയായിരുന്നു ഇയാളുടെ പേര്. എന്നാൽ, ഇയാളെ പിടികൂടാൻ ദേശീയ അന്വേഷണ ഏജൻസിക്ക് സഹായകമായത് ഒമ്പതുമാസംമുമ്പ് ജനിച്ച ഇളയ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റായിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ വരുമാനം മുടങ്ങിയതോടെയാണ് സവാദ് തൊഴിൽതേടി കണ്ണൂരിലെത്തിയത്. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിരുന്നു. എട്ടുമാസം മുമ്പായിരുന്നു ഇത്. ഇതോടെ മുമ്പ് എൻ.ഐ.എ.യിൽ ജോലിചെയ്തിരുന്ന ചില പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ എൻഐഎ കണ്ണൂരിൽ നിരീക്ഷണം ശക്തമാക്കി.
ഏതാനുംദിവസം മുമ്പ് ഒരാൾ വീടിനെക്കുറിച്ച് കൃത്യമായ വിവരം നൽകി. പക്ഷേ, പേര് ഷാജഹാൻ ആണെന്നത് അന്വേഷണസംഘത്തെ കുഴക്കി. ഇവിടെ കുഞ്ഞുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരസഭയിലെ ജനനസർട്ടിഫിക്കറ്റ് പരിശോധിക്കുകയും ഈ വീട്ടുവിലാസത്തിലുള്ളയാൾ സവാദാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ചൊവ്വാഴ്ചയായിരുന്ന ഈ സ്ഥിരീകരണം. അന്നുവൈകീട്ട് രണ്ടുകാറുകളിലായി അഡീഷണൽ എസ്.പി. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിൽ 12 എൻ.ഐ.എ. ഉദ്യോഗസ്ഥർ കൊച്ചിയിൽനിന്ന് പുറപ്പെട്ടു. വീടുകണ്ടെത്തിയ ആൾ ഇവരോടൊപ്പം ചേർന്നു. പുലർച്ചെ മൂന്നരയോടെ വീട്ടിലെത്തി.
ഏറെനേരം കതകിൽ മുട്ടിയപ്പോൾ ഭാര്യയാണ് വാതിൽ തുറന്നത്. ഭർത്താവിനെ വിളിക്കാൻ പറഞ്ഞപ്പോൾ സവാദ് എത്തി. പേരുചോദിച്ചപ്പോൾ ഷാജഹാൻ എന്നുപറഞ്ഞു. ജോസഫിന്റെ കൈവെട്ടിയപ്പോൾ കൂടെയുണ്ടായിരുന്നവരുടെ കൈയിലെ ആയുധംകൊണ്ട് സവാദിന്റെ പുറത്ത് മുറിവേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാട് പുറത്തുണ്ടായിരുന്നു. ഇത് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. ഷർട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യംചെയ്യൽ കടുപ്പിച്ചതോടെ താൻ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു. വീടുകാട്ടിക്കൊടുത്തയാൾ ഇതിനകം മടങ്ങിയിരുന്നു.
പുലർച്ചെ മൂന്നരയോടെ സവാദിന്റെ അയൽവാസിയായ മട്ടന്നൂർ പരിയാരം ബേരത്തെ ജസീറ മൻസിലിൽ റംലയെ അയൽവാസി സാബിതയാണ് വിളിച്ചുണർത്തിയത്. സാബിത വീട്ടിലെ വേഷത്തിലല്ല, പോലീസുകാരിയായ ഇവർ യൂണിഫോമിലായിരുന്നു. അദ്‌ഭുതപ്പെട്ട് നിൽക്കുമ്പോൾ സാബിത പറഞ്ഞു- ‘‘തൊട്ടടുത്തുള്ള വീട്ടിലെ ഷാജഹാനെ കാണാനില്ല, കൂടെ വരണം.” പരിചയക്കാരിയായതിനാൽ റംല മടിക്കാതെ കൂടെപ്പോയി.
റംലയുടെ മാതൃസഹോദരിയുടെ മകളുടെ വീട്ടിലാണ് ‘ഷാജഹാനും’ കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുമുറ്റത്തെത്തിയപ്പോൾ സിവിൽവേഷത്തിലും കാക്കി യൂണിഫോമിലും നിരവധി പോലീസുകാർ. അവരിലൊരാൾ കടലാസിലെഴുതിയ റിപ്പോർട്ട് വായിക്കാൻ തുടങ്ങി. അപ്പോഴാണ് റംല അറിയുന്നത് -ഇത്രനാളും ഇവിടെ കഴിഞ്ഞത് മരപ്പണിക്കാരനായ ഷാജഹാനല്ല, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദാണെന്ന്. റംലയുടെ മകൻ ജുനൈദും പിന്നാലെയെത്തി. ജുനൈദിനെയും അറസ്റ്റ് നടപടികൾക്ക് സാക്ഷിയാക്കി ഒപ്പിടുവിച്ചു.
ഗൾഫിൽനിന്ന് ഈയിടെ നാട്ടിലെത്തിയ ഇദ്ദേഹം വീടിന്റെ മുകൾനിലയിൽ ഉറങ്ങുകയായിരുന്നു. ഏഴരയോടെ എൻ.ഐ.എ. സംഘവും പോലീസും സവാദിനെ കൊണ്ടുപോയി. സവാദിന്റെ ഭാര്യ കാസർകോട് സ്വദേശിയാണ്. അറസ്റ്റ് വിവരമറിഞ്ഞ് സഹോദരങ്ങളെത്തി ഇവരെയും മക്കളെയും കൊണ്ടുപോയി.
ഒന്നരവർഷം മുൻപാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം സവാദ് ബേരത്തെ വാടകവീട്ടിലെത്തിയത്. ഷാജഹാൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. വരുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് പ്രസവിച്ചത്. 5000 രൂപ മാസവാടകയ്ക്കാണ് സവാദും കുടുംബവും ഇവിടെ താമസിച്ചത്. പലയിടത്തായി മരപ്പണിയായിരുന്നു സവാദിന്. താമസിക്കുന്ന വീടിന് സമീപത്ത് നിർമാണം നടക്കുന്ന വീട്ടിലാണ് രണ്ടാഴ്ചയായി പണിയെടുക്കുന്നത്.
കാസർകോട്ട് സ്വന്തമായി വീട് വാങ്ങാൻ സവാദ് അഡ്വാൻസ് നൽകിയിരുന്നുവെന്ന് അയൽക്കാർ പറയുന്നു. തുക മുഴുവൻ കൊടുക്കാനായാൽ ഈമാസം കൂടിയേ ഇവിടെയുണ്ടാകൂവെന്നും പറഞ്ഞിരുന്നു. ഇവർ വളപട്ടണം, വിളക്കോട്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്നു.
No comments
Post a Comment