വിനോദസഞ്ചാരികളുടെ പറുദീസ! അഗസ്ത്യാർകൂട യാത്രയ്ക്ക് നാളെ തുടക്കമാകും
സാഹസിക യാത്രികർ ഏറെ ഇഷ്ടപ്പെടുന്ന അഗസ്ത്യാർകൂട യാത്രയ്ക്ക് നാളെ തുടക്കമാകും. പശ്ചിമ ഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ മലനിരയാണ്. സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രക്കിംഗ് 3 ദിവസം നീണ്ടുനിൽക്കുന്നതാണ്. ബോണക്കാട് പിക്കറ്റിംഗ് സ്റ്റേഷനിൽ നിന്ന് രാവിലെ 7 മണി മുതൽ ചെക്കിംഗ് തുടങ്ങും. തുടർന്ന് 9 മണി മുതലാണ് യാത്ര ആരംഭിക്കുക. ട്രക്കിംഗിന് എത്തുന്ന സഞ്ചാരികൾ ടിക്കറ്റ് പ്രിന്റ് ഔട്ട്, ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്ത ഐഡി കാർഡ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കയ്യിൽ കരുതിയിരിക്കണം.
ട്രക്കിംഗിന്റെ ഒന്നാം ദിവസം അതിരുമല ബേസ് ക്യാമ്പിൽ താമസിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ ദിവസം രാവിലെ 6 കിലോമീറ്റർ മല കയറി അഗസ്ത്യാർകൂടത്തിൽ പ്രവേശിച്ചിട്ട് തിരികെ അതിരുമല ബേസ് ക്യാമ്പിൽ തന്നെയാണ് താമസിക്കേണ്ടത്. മൂന്നാമത്തേ ദിവസമാണ് ബോണക്കാടേക്ക് മടക്കയാത്ര ഉണ്ടാകുക. പ്ലാസ്റ്റിക്, ലഹരി വസ്തുക്കൾ, പൂജാ സാധനങ്ങൾ, പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന മറ്റു വസ്തുക്കൾ എന്നിവ അനുവദനീയമല്ല. ഓരോ രണ്ട് കിലോമീറ്റർക്കിടയിലുള്ള ക്യാമ്പുകളിൽ ഗൈഡുകളുടെ സഹായം ഉണ്ടാകും.
വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപ്പച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം. നിത്യഹരിത വനം, ഇലകൊഴിയും വനം, പുൽമേട്, ഈറ്റക്കാടുകൾ, ചോല വനം, ഗിരി വനം എന്നിങ്ങനെ ഭൂപ്രകൃതി കൊണ്ട് വളരെ വ്യത്യസ്തമാണ് അഗസ്ത്യാർകൂടം. കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, മാനുകൾ, വിവിധ തരം കുരങ്ങ് വർഗ്ഗങ്ങൾ, മലമുഴക്കി വേഴാമ്പൽ, മല മൈന തുടങ്ങിയ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ് ഇവിടം .
No comments
Post a Comment