Header Ads

  • Breaking News

    ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കും; വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി; കെബി ഗണേഷ് കുമാര്‍


    ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കുമെന്നും മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് സര്‍വീസ് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ അഴിമതിയെ പറ്റി പറഞ്ഞത് അവിടയെുള്ള മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ മന്ത്രി ആന്റണി രാജുവുമായി യാതൊരു തര്‍ക്കവുമില്ല. നല്ല സുഹൃത്തുക്കളാണ്. തന്റെ അച്ഛന്റെ കൂടെ എംഎല്‍എയായിരുന്നയാളാണ് അദ്ദേഹമെന്നും താനും അച്ഛനൊപ്പം എംഎല്‍എ ആയിരുന്നയാളാണെന്നും ഗണേഷ് പറഞ്ഞു.

    ഗണേഷിന്റെ അഴിമതി പരാമര്‍ശത്തിനെതിരെ മുന്‍മന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അദ്ദേഹം വകുപ്പിലെ ചോര്‍ച്ച കണ്ടത് എങ്ങനെയാണെന്നും നേരത്തെ ആഭ്യന്തര വകുപ്പിനെതിരെയും മരാമത്ത്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെയും അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്. അഭിപ്രായം പറയുമ്പോള്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നുവെന്നും അതേ നാണയത്തില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.

    'ഗണേഷിന്റെ പിതാവിനൊപ്പം എംഎല്‍എ ആയിരുന്നയാളാണ് ഞാന്‍. ഗാലറിയില്‍ ഇരുന്നു കളി കാണാന്‍ എളുപ്പമാണ്. ഇറങ്ങി കളിക്കാനാണ് പാട്. മുന്‍ ഗതാഗത മന്ത്രിമാര്‍ ഉണ്ടാക്കിവച്ച 3150 കോടിയുടെ കടം 2900 ആയി കുറച്ചു. 1000 കോടി പലിശയും അടച്ചു. അല്ലാതെ ഒരു രൂപയും കടത്തില്‍ കൂട്ടിയിട്ടില്ല. കെഎസ്ആര്‍ടിസി കംപ്യൂട്ടറൈസേഷന്‍ നടത്തി ഇപ്പോള്‍ ട്രയല്‍ റണ്‍ നടത്തുകയാണ്. എല്ലാ ഡിവിഷനിലും പ്രഫഷനലിസം കൊണ്ടുവന്നു. ഇനി വരുന്നവര്‍ക്ക് സുഗമമായി ഭരിക്കാം. അഴിമതിക്ക് ചീഫ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്ത ആളാണ് ഞാന്‍. എനിക്കെതിരെ അഴിമതി ആരോപണം ഇല്ല. അഴിമതിക്കേസില്‍ ജയിലില്‍ കിടന്നിട്ടുമില്ല'- ആന്റണി രാജു പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad