Header Ads

  • Breaking News

    രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരിൽ; കരുതലോടെ വേണം ജല ഉപയോഗം


    കണ്ണൂർ : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് അനുസരിച്ച് ഇന്നലെ രാജ്യത്തെ സമതല പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കണ്ണൂരാണ്. 35.6 ഡിഗ്രി സെൽഷ്യസ് ചൂടാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ചയും കണ്ണൂരിൽ തന്നെ ആയിരുന്നു ചൂട് കൂടുതൽ. ഈ വർഷം ആദ്യം പലതവണ ജില്ല രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ സ്ഥലമായി.

    ഫെബ്രുവരി തുടങ്ങുന്നതിന് മുൻപേ പൊള്ളുന്ന വെയിലാണ് പുറത്ത്. കഴിഞ്ഞ വർഷം കണ്ണൂർ ജില്ലയിൽ മഴക്കുറവ് 22 ശതമാനമാണ്. 3277 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് കഴിഞ്ഞ വർഷം ലഭിച്ചത് 2552 മില്ലീമീറ്റർ മഴ മാത്രം. ഏറ്റവും മഴക്കുറവുള്ള 2016 ലെ വരൾച്ച ഇത്തവണ ഉണ്ടാകില്ലെന്നാണ് മുന്നറിയിപ്പ് എങ്കിലും വെള്ളത്തിന്റെ വിനിയോഗം ഇത്തവണ കരുതിത്തന്നെ വേണം. പ്രത്യേകിച്ചും മലയോര മേഖലകളിൽ.

    27 ശതമാനം കൂടുതൽ തുലാമഴ സംസ്ഥാനത്ത് ലഭിച്ചിട്ടും കണ്ണൂരിൽ തുലാമഴ സാധാരണ ലഭിക്കേണ്ട അളവിൽ ലഭിച്ചിട്ടില്ലെന്ന വസ്തുത ഓർത്ത് വേണം ജലം വിനിയോഗിക്കാൻ. കേന്ദ്ര മാർഗ നിർദേശം അനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലീറ്റർ വെള്ളമാണ് നൽകേണ്ടതെങ്കിലും സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലീറ്റർ എന്ന് കണക്കാക്കിയാണ് കേരള ജല അതോറിറ്റി ജലവിതരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ജല ഉപയോഗം ഈ പരിധിക്കുള്ളിൽ നിർത്തിയില്ലെങ്കിൽ വരാനിരിക്കുന്ന വേനൽക്കാലം ജില്ലയിൽ ബുദ്ധിമുട്ടുണ്ടാക്കും.

    തണുക്കാൻ മാർഗങ്ങളുണ്ട്

    * വേനൽക്കാലത്ത് ചൂടിനു കാഠിന്യം കൂടുമ്പോൾ ധാരാളമായി വെള്ളം കുടിക്കുക.
    * വെയിലത്ത് പണി ചെയ്യേണ്ടി വരുമ്പോൾ ജോലി സമയം ക്രമീകരിക്കുക, ചുരുങ്ങിയത് ഉച്ചക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയം വിശ്രമിച്ച് രാവിലെയും വൈകിട്ടുമുള്ള സമയം ജോലി ചെയ്യുക.
    * കട്ടി കുറഞ്ഞ, വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്‌ത്രങ്ങൾ ധരിക്കുക.
    * ശക്‌തിയായ വെയിലത്ത് ജോലി ചെയ്യുമ്പോൾ ഇടയ്‌ക്കിടെ തണലിലേക്ക് മാറി നിൽക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
    * കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
    * ചൂട് കൂടുതലുള്ള അവസരങ്ങളിൽ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
    * 65ന് മുകളിൽ പ്രായമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും രോഗികളുടെയും ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
    * വീടിനകത്ത് ധാരാളം കാറ്റ് കിട്ടുന്ന രീതിയിൽ വാതിലുകളും ജനാലകളും തുറന്നിടുക, വെയിലത്ത് പാർക്ക് ചെയ്യുന്ന കാർ, മറ്റ് വാഹനങ്ങളിലും മറ്റും കുട്ടികളെ വിട്ടിട്ട് പോകാതിരിക്കുക

    No comments

    Post Top Ad

    Post Bottom Ad