കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങി
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും നടപടികളില്ല.
ബൈപ്പാസ് സര്‍ജറി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ സ്ഥലംമാറിപ്പോകുകയും മറ്റൊരാള്‍ മാസങ്ങളായി ലീവിലുമായതാണ് ബൈപ്പാസ് സര്‍ജറികള്‍ മുടങ്ങാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇപ്പോള്‍ ചുരുക്കം ചില ആഞ്ജിയോപ്ലാസ്റ്റികളും ആഞ്ജിയോഗ്രാമും മാത്രമാണ് ഇവിടെ നടക്കുന്നത്.
അതിനിടെ കാര്‍ഡിയോളജി ഐ.സി.യുവില്‍ കഴിഞ്ഞ ദിവസം ചോര്‍ച്ചയുണ്ടായതും ആശങ്ക പരത്തിയിട്ടുണ്ട്.
ഈ ചോര്‍ച്ച കണ്ടെത്തി അടക്കാനുള്ള ശ്രമങ്ങള്‍
തുടങ്ങിയിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. പുതിയ ഡോക്ടര്‍മാരെ നിയമിക്കാതെ ശസ്ത്രക്രിയകള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ക്കായുള്ള ബൈപ്പാസ് സര്‍ജറി നടക്കുന്ന ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ഇവിടെ മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നുള്ള രോഗികളും എത്തുന്നുണ്ട്.
നിരവധിപേരാണ് ശസ്ത്രക്രിയകള്‍ക്കായി ബുക്ക്‌ചെയ്ത് കാത്തിരിക്കുന്നത്.
ഇവിടെ ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് ചാകരയായി മാറിയിരിക്കയാണ്.
കാരുണ്യ-ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ഉള്ളതുകാരണം നൂറുകണക്കിനാളുകളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി എത്തുന്നത്.
ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ഇല്ലാത്തവര്‍ക്ക്‌പോലും താങ്ങാനാവുന്ന ചെലവ് മാത്രമേ ഇവിടെ ബൈപ്പാസ് ശസ്ത്രക്രിയകള്‍ക്ക് വേണ്ടി വരുന്നുള്ളൂ. ഡോക്ടര്‍മാരില്ലാതായതോടെ എല്ലാം തകിടംമറിഞ്ഞിരിക്കയാണ്.
No comments
Post a Comment