ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം; മേയില്‍ ആദ്യ വിമാനം
രാജ്യത്തെ ഹജ്ജ് തീര്‍ത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. മെയ് 9ന് ഹജ്ജ് തീര്‍ത്ഥാടകരുമായി ആദ്യ വിമാനവും ജൂണ്‍ 10ന് അവസാന ഹജ്ജ് വിമാനവും പുറപ്പെടും.ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി ആദ്യവാരവും അവര്‍ക്കുള്ള പരിശീലനം ഫെബ്രുവരി ആദ്യവും നല്‍കും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കര്‍മ്മ പദ്ധതി പ്രകാരം ബില്‍ഡിങ് സെലക്ഷൻ കമ്മിറ്റിയുടെ മക്കയിലെയും മദീനയിലെയും കെട്ടിടങ്ങളുടെ ആദ്യഘട്ട പരിശോധന ജനുവരി, ഫെബ്രുവരി മാസങ്ങളിലും രണ്ടാംഘട്ട പരിശോധന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും നടക്കും.
ജനുവരി എട്ടിനും 11നും ഇടയില്‍ സൗദിയുമായുള്ള ഹജ്ജ് ഉഭയ കക്ഷി കരാറും ഫെബ്രുവരി ആദ്യം വിമാന കമ്ബനികളുമായുള്ള കരാറും ഒപ്പിടും. ഫെബ്രുവരി 15ന് കാത്തിരിപ്പ് പട്ടികയില്‍ നിന്ന് അവസരം ലഭിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കും.
മാര്‍ച്ച് 20ന് വിമാന കമ്പനികള്‍ക്ക് സമയ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി അവസാനിക്കും.മാര്‍ച്ച് അവസാനവാരം തീര്‍ത്ഥാടകര്‍ക്ക് നല്‍കാനുള്ള പ്രതിരോധ കുത്തിവെപ്പ് ഹജ്ജ് കമ്മിറ്റികള്‍ക്ക് നല്‍കുകയും കുത്തിവെപ്പ് ക്യാമ്പുകൾ ഏപ്രില്‍ 15ന് ആരംഭിക്കുകയും ചെയ്യും. മാര്‍ച്ച് 20ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഹജ്ജ് മാപ്പ് പുറത്തിറക്കും. ഇതേ ദിവസം തന്നെ തെരഞ്ഞെടുക്കുന്ന ഖാദിമുല്‍ ഹുജ്ജാജിമാര്‍ക്ക് ഏപ്രില്‍ 16ന് പരിശീലനം നല്‍കും.
No comments
Post a Comment