Header Ads

  • Breaking News

    കേരളം ബാലവിവാഹ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കും: ബാലാവകാശ കമ്മീഷന്‍


    കൊച്ചി: കേരളം ബാലവിവാഹ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. എൻ. സുനന്ദ. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും അവർ പറഞ്ഞു. ബാലാവകാശ കമ്മീഷനും പോലീസ് വകുപ്പും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച എസ്.പി.സി അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.2015ലാണ് ബാലനീതി നിയമം നിലവിൽ വന്നത്. നിയമം അനുശാസിക്കുക എന്നത് ഏതൊരു പൗരന്റെയും കർത്തവ്യമാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിചരണം നൽകണം. കുട്ടികൾക്കും അഭിപ്രായങ്ങളുണ്ടെന്നും അത് മാനിക്കപ്പെടണമെന്നും എൻ. സുനന്ദ പറഞ്ഞു.

    അതിക്രമങ്ങൾ കുറയ്ക്കാനാണ് പ്രവർത്തിക്കേണ്ടത്. കുടുംബശ്രീയുടെ നേതൃത്വത്തിലും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത് നന്മയും തിന്മയും കുട്ടികൾ തിരിച്ചറിയണം. കേരളത്തിന് മാതൃകയാകുന്ന രീതിയിൽ കുട്ടികൾ വളരണം. നല്ലൊരു വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും എസ്.പി.സി അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും സമൂഹത്തിനും ബോധവൽക്കരണം നൽകുന്നതിലൂടെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. തിന്മകൾക്കെതിരെ പോരാടാൻ വിദ്യാർഥികളെ പ്രാപ്തരാക്കണമെന്നും അവർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad