മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സാപ് ലിങ്ക്; രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ വാട്സാപ് ലിങ്ക് നിർമിച്ച് പ്രചരിപ്പിച്ച കേസിൽ രാജസ്ഥാൻകാരനെതിരെ കേസെടുത്തു. രാജസ്ഥാൻ ടോങ്ക് സ്വദേശി മൻരാജ് മീണയ്‌ക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ടെലിഗ്രാമിൽ അക്കൗണ്ടുണ്ടാക്കി അതിൽ പ്രതിയുടെ നമ്പർ ഉപയോഗിച്ച് വാട്സാപ് ലിങ്ക് നിർമിച്ച് പ്രചരിപ്പിക്കുകയായിരുന്നു.
ഡിസംബർ 11-ന് സൈബർഡോം നടത്തിയ സൈബർ പട്രോളിങ്ങിനിടെയാണ് സംഭവം കണ്ടെത്തിയത്. മൻരാജിന്റെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ലിങ്ക് നിർമിച്ചത്. ഈ ലിങ്ക് നിരവധി പേരിലേക്ക് എത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് നിർമിക്കാൻ ഏതെങ്കിലും വ്യാജ സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കും. ഐ.ടി വകുപ്പ് 66 സി പ്രകാരമാണ് കേസെടുത്തത്.
No comments
Post a Comment