സ്‌കൂൾ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു: ജിയന്നമോൾക്ക് നീതി ലഭിക്കാൻ നിയമ പോരാട്ടവുമായി മാതാപിതാക്കൾ
കോട്ടയം: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച കുഞ്ഞിന് നീതി ലഭിക്കാൻ നിയമ പോരാട്ടവുമായി മാതാപിതാക്കൾ. മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്- ബിനിറ്റ ദമ്പതികളുടെ മകൾ ജിയന്ന ആൻ ജിറ്റോ കഴിഞ്ഞ ദിവസമാണ് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. ബംഗളൂരു ചെലക്കരയിലെ ഡൽഹി പ്രീ സ്കൂളിൽ നിന്നാണ് ജിയന്ന വീണത്.
കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ വീണു എന്നായിരുന്നു ആദ്യം മാതാപിതാക്കളെ അറിയിച്ചിരുന്നത്. എന്നാൽ പോലീസും ഡോക്ടർമാരുമാണ് 22 അടിയോളം ഉയരത്തിൽ നിന്നാണ് കുട്ടി വീണതെന്ന് വ്യക്തമാക്കിയത്. സ്കൂളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും മറ്റ തെളിവുകളും മാറ്റിയെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. കുട്ടി വീണതിനെ തുടർന്നുണ്ടായ രക്തക്കറകൾ ഉൾപ്പെടെ തുടച്ചുമാറ്റി എന്നും മാതാപിതാക്കൾ പറയുന്നുണ്ട്. ഇക്കാരണങ്ങളെല്ലാം കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ദുരുഹതയിലേക്കാണ് വിരൽചൂണ്ടുന്നത്.
സ്കൂളിലെ മറ്റു കുട്ടികളുടെ മാതാപിതാക്കൾ സംഭവത്തെക്കുറിച്ച് അധികൃതരെ വിളിച്ച് ചോദിച്ചപ്പോൾ സ്കൂൾ കോമ്പൗണ്ടിന്റെ പുറത്താണ് സംഭവം ഉണ്ടായതെന്നും സംഭവമായി സ്കൂളിന് യാതൊരു ബന്ധവുമില്ലായെന്നും പറഞ്ഞുവെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ അധികൃതർ പറയുന്ന കള്ളക്കഥകൾ തങ്ങൾ വിശ്വസിക്കില്ലെന്നും കുഞ്ഞിന് നീതി ലഭിക്കാനായി ഏതറ്റം വരെയും തങ്ങൾ പോകും എന്നുമാണ് രക്ഷിതാക്കൾ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സ്കൂൾ പ്രിൻസിപ്പാൾ തോമസ് ചെറിയാൻ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കേസിന്റെ ഭാഗമായി നിലവിൽ സ്കൂൾ അടച്ചിട്ടിരിക്കുകയാണ്.
No comments
Post a Comment