ഭിന്നശേഷിക്കാർക്കായി മട്ടന്നൂരിൽ സ്നേഹത്തണലൊരുങ്ങി
മട്ടന്നൂർ:ഭിന്നശേഷി വിദ്യാർഥികളുടെ കഴി വുകളെ പരിപോഷിപ്പിക്കുന്നതിനും ന്യൂനതകളെ വിദഗ്‌ധ പരിചരണത്തിലൂടെ പരിഹരിക്കാനും പുനരധിവാസത്തിനുമായി മട്ടന്നൂരിൽ നിർമാണം പൂർത്തീകരിച്ച മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനത്തിനൊരുങ്ങി. പഴശ്ശി കന്നാട്ടുംകാവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടം ഫെബ്രുവരി 11ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സാമൂഹിക നീതി വകുപ്പിന് കീഴിൽ 3.3 കോടി രൂപ ചെലവിട്ടാണ് പുനരധിവാസ കേന്ദ്രം നിർമിച്ചത്. ഇത്തരത്തിലുള്ള ആദ്യത്തേതും രണ്ടാമത്തേതുമായ ഷെൽട്ടർ ഹോമാണിത്. കെ കെ ശൈലജ എംഎൽഎ ആരോഗ്യ മന്ത്രിയായിക്കെ 2016ലാണ് റീഹാ ബിലിറ്റേഷൻ സെൻ്റർ നിർമാണം ആരംഭിച്ചത്. സംസ്ഥാനത്ത് തന്നെ ഒരു ബഡ്‌സ് സ്‌കൂളിന് അപൂർവമായേ ഇത്രയും വലിയ കെട്ടിടമുള്ളൂ.
നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിർമിച്ചത്. രണ്ട് നിലകളിലേക്കും റാമ്പുകൾ, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അനുയോജ്യമായ മറ്റുസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിട സമുച്ചയം രൂപകൽപ്പന ചെയ്തത്. ഫിസിയോതെറാപ്പി സ്പീച്ച് തെറാപ്പി,
സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷണൽ ട്രെയിനിങ്, സ്പെഷൽ എഡ്യൂക്കേഷൻ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. സ്ഥപനത്തെ ഭാവിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മാതൃകയിലേക്ക് മാറ്റുമെന്നും ഏറ്റവും മികച്ച റിഹാബിലിറ്റേഷൻ സെൻ്ററായി ഉയർത്തുമെന്നും കെ കെ ശൈലജ എംഎൽഎ പറഞ്ഞു. ഉദ്ഘാടനം കഴിയുന്നതോടെ നഗരസഭയുടെ പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിന്റെ പ്രർത്തനവും ഇവിടേക്ക് മാറ്റും.
No comments
Post a Comment