Header Ads

  • Breaking News

    ഗവര്‍ണറുടെ അഹങ്കാരത്തിന് മുന്നില്‍ കേരളം തല കുനിക്കില്ല’: മന്ത്രി ശിവന്‍കുട്ടി



    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഹങ്കാരത്തിനു മുന്നില്‍ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിന്റണ്‍ നരിമാനും അച്ഛന്‍ പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനുമെതിരെ ഗവര്‍ണര്‍ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാല്‍ ഏതെങ്കിലും ഒരു മലയാളിക്ക് ഗവര്‍ണറോട് മിണ്ടാന്‍ കഴിയുമോ? എന്നാണ് മന്ത്രി ചോദിക്കുന്നത്.

    ഗവര്‍ണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവര്‍ണറോട് ഇടപഴകാന്‍ കഴിയില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെ ആകമാനവും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു.

    ‘റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്താന്‍ മാത്രമാണ് കൂടുതല്‍ സമയവും ഗവര്‍ണര്‍ ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വളരെക്കുറച്ചാണ് ഗവര്‍ണര്‍ പ്രതിപാദിച്ചിരിക്കുന്നത്. രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരമാണ് എന്ന് സംശയിച്ചാല്‍ തെറ്റില്ല. അതിനുള്ള സംവിധാനമാണ് അവിടെ ഒരുക്കിയിരിക്കുന്നത്’, മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

    അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാവിലെ 9 മണിക്ക് വേ​ദിയിലെത്തിയ ​ഗവർണറും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad