Header Ads

  • Breaking News

    പട്ടികജാതി ദുര്‍ബല വിഭാഗങ്ങളുടെ തൊഴില്‍ സംരംഭങ്ങള്‍ക്ക് 100 ശതമാനം സബ്സിഡി: മുഖ്യമന്ത്രി



    കണ്ണൂർ:-പട്ടികജാതി ദുര്‍ബല വിഭാഗങ്ങളുടെ തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പാ ബന്ധിതമല്ലാതെ 100 ശതമാനം സബ്സിഡി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖാമുഖം പരിപാടിയില്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ തങ്കപ്പന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

    നിലവില്‍ പട്ടികജാതി വിഭാഗത്തിലെ സംരംഭകര്‍ക്ക് ബാങ്ക് വായ്പയുടെ മൂന്നിലൊന്ന് സബ്സിഡി എന്ന നിരക്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ നല്‍കുന്നുണ്ട്. ഇതോടൊപ്പം മറ്റ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് കൂടി കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്സിഡി അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്നും മറുപടിയില്‍ പറഞ്ഞു. വയനാട്ടിലേതു പോലെ ഗോത്രഭാഷ അറിയുന്ന അധ്യാപകരെ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള സ്‌കൂളുകളില്‍ നിയമിക്കുമോ എന്നായിരുന്നു കണ്ണൂരിലെ ശ്രീലത ശശിയുടെ ചോദ്യം. പ്രൈമറി ക്ലാസുകളില്‍ നിന്നും പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ഭാഷ പ്രശ്നം പരിഹരിക്കാനും ഗോത്രബന്ധു പദ്ധതിയിലൂടെ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നുണ്ട്. വയനാട്, അട്ടപ്പാടി, മലപ്പുറം ജില്ലകളിലെ നിയമനം പോലെ മറ്റുജില്ലകളെയും പരിഗണിക്കുമെന്ന് മറുപടിയില്‍ പറഞ്ഞു.

    എറണാകുളം ജില്ലയില്‍ പട്ടികവര്‍ഗ ആണ്‍കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ എന്ന എം ജി സര്‍വ്വകലാശാല സെനറ്റ് അംഗം സുധാകരന്റെ ആവശ്യത്തോടും അനൂകൂല പ്രതികരണമായിരുന്നു. എറണാകുളത്തും തൃശ്ശൂരും പെണ്‍കുട്ടികള്‍ക്കും കോതമംഗലത്ത് ആണ്‍കുട്ടികള്‍ക്കും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങി. കോഴിക്കോട് പെണ്‍കുട്ടികള്‍ക്ക് പുതിയത് പണിയാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മറുപടി.

    പട്ടികജാതിക്കാരുടെ കാവുകളിലേക്കും ശ്മശാനത്തിലേക്കും റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഫീസിബിലിറ്റി അനുവദിക്കുന്നതിലെ സാങ്കേതിക തടസത്തെക്കുറിച്ച് മലപ്പുറത്ത് നിന്നുള്ള വേലായുധന്‍ പാലക്കണ്ടി ആശങ്ക പ്രകടിപ്പിച്ചു. വിഷയം പ്രത്യേകമായി പരിഗണിച്ച് ഗതാഗത സൗകര്യം ഒരുക്കുന്നതിന് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതോടെ വേലായുധന്‍ ഉള്‍പ്പടെയുള്ളവരുടെ ആശങ്ക ഒഴിഞ്ഞു.  

     2010 ഏപ്രിലിന് ശേഷം പൂര്‍ത്തിയാക്കിയ വീടുകളാണ് സേഫ് പദ്ധതി വഴി നവീകരിക്കുന്നതെന്നും ഇതിന് മുമ്പുള്ളവ നവീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം വീടുകളുടെ സ്ഥിതി പരിശോധിച്ച് സാധ്യമായവ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി എച്ച് പ്രദീപ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.

    No comments

    Post Top Ad

    Post Bottom Ad