Header Ads

  • Breaking News

    ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധന ; പ്രതിമാസം 200ൽ അധികം പരാതികൾ



    കണ്ണൂർ :- ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നെന്നു കണക്കുകൾ. 2021ൽ കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ റജിസ്‌റ്റർ ചെയ്ത‌ സൈബർ കേസുകളുടെ എണ്ണം 25 ആയിരുന്നെങ്കിൽ രണ്ടു വർഷംകൊണ്ട് കേസുകളുടെ എണ്ണം മൂന്നിരട്ടിയോളമാണു വർധിച്ചത്. റൂറൽ ‌സ്റ്റേഷൻ പരിധിയിൽ 2021ൽ 2 കേസുകളാണു രെജിസ്‌റ്റർ ചെയ്തത്‌. കഴിഞ്ഞവർഷം ഇതു നാലായി. കഴിഞ്ഞവർഷം ആകെ രെജിസ്‌റ്റർ ചെയ്തത് 74 കേസുകളാണ്. ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. പ്രതിമാസം 200ൽ അധികം പരാതികളാണു ലഭിക്കുന്നത്.

    കോവിഡ് ലോക്‌ഡൗൺ സമയത്തു സൈബർ സംസ്ഥ‌ാനത്താകെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിരുന്നു. ഓൺലൈൻ ക്ലാസുകൾ കുട്ടികളിലേക്ക് എളുപ്പത്തിൽ മൊബൈൽ ഫോണെത്തിച്ചു. ഓൺലൈൻ മാറി ഓഫ്ലൈൻ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്കു മാറിയെങ്കിലും കുട്ടികളിലെ ഫോൺ അഡിക്ഷനോ സൈബർ കുറ്റകൃത്യങ്ങൾക്കോ കുറവു സംഭവിച്ചിട്ടില്ല.

    സാമ്പത്തിക തട്ടിപ്പുകളിൽ പലപ്പോഴും പ്രതികളെ കണ്ടെത്താനാകാത്തതും വലിയ വെല്ലുവിളിയാണ്. അക്കൗണ്ടിൽ നിന്നു പണം പോയത് അന്വേഷിച്ചാൽ ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ബംഗാൾ തുടങ്ങിയ ഇടങ്ങളിലായിരിക്കും അന്വേഷണം ചെന്നെത്തുക. അതുകൊണ്ടു തട്ടിപ്പിൽ വീഴാതിരിക്കുക എന്ന മുൻകരുതൽ മാത്രമേ രക്ഷയുള്ളൂ.

    . അനാവശ്യ ലിങ്കുകൾ, മെസേജുകൾ തുടങ്ങിയവ തുറക്കാതിരിക്കുക

    . ഒടിപി, പാസ്‌വേർഡുകൾ, മറ്റു സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ കൈമാറാതിരിക്കുക. പാസ്‌വേഡുകൾ എളുപ്പത്തിൽ കണ്ടുപിടിക്കത്ത വിധമുള്ളവ അല്ലെന്ന് ഉറപ്പാക്കുക.

    . ഇൻസ്റ്റന്റ് ലോൺ തട്ടിപ്പിൽ പലിശ മാത്രമല്ല വില്ലൻ. ഫോൺ വിവരങ്ങളും ഇവർ ചോർത്തും. അത്തരം കെണിയിൽ വീഴാതിരിക്കുക.

    . അനാവശ്യ ആപ്ലിക്കേഷനുകൾ ഒഴിവാക്കുക.

    . അംഗീകൃത സൈറ്റുകൾ മാത്രം സന്ദർശിക്കുക.

    . സ്വകാര്യ വൈഫൈ കണക്‌ഷൻ ഉപയോഗിക്കുന്നതാണു നല്ലത്.

    . പണമിടപാടുകൾ നടത്തുമ്പോൾ കൂടുതൽ കരുതൽ പാലിക്കുക.

    . സെക്യൂരിറ്റി സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാൻ മടി വേണ്ട. . ഇൻ്റർനാഷനൽ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം വലിക്കാൻ ഒടിപിയുടെ ആവശ്യമില്ലെന്ന് ഓർക്കുക. അതുകൊണ്ടുതന്നെ, കാർഡ് വിവരങ്ങൾ പോലും അതീവ രഹസ്യമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം 

    No comments

    Post Top Ad

    Post Bottom Ad