48 വർഷങ്ങൾക്ക് ശേഷം ചിക്കൻപോക്സ് വീണ്ടും സാംക്രമികരോഗങ്ങളുടെ പട്ടികയിൽ
തിരുവനന്തപുരം :- സർക്കാർ ജീവനക്കാർക്ക് ആകസ്മിക അവധിക്ക് അർഹതയുള്ള സാംക്രമികരോഗങ്ങളുടെ പട്ടികയിൽ നിന്ന് 48 വർഷം മുമ്പ് സർക്കാർ പുറത്താക്കിയ ചിക്കൻപോക്സിനെ വീണ്ടും ഉൾപ്പെടുത്തി. ഫെബ്രുവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം. 1976-ലാണ് ചിക്കൻപോക്സ് ഒഴിവാക്കി ഉത്തരവിറക്കിയത്.
ശരീരത്തിൽ കുമിളകൾ പൊങ്ങുന്നതും പനിയുമാണ് ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇതിന് രണ്ടാഴ്ചയോളം മുമ്പുതന്നെ രോഗാണു ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടാവും. ആ കാലയളവിലാണ് രോഗംപകരാനും സാധ്യതയുള്ളത്. ലക്ഷണങ്ങൾ പുറത്തുവന്നതിനുശേഷം രോഗം പകരാനിടയില്ലെന്ന ശാസ്ത്രീയ നിഗമനം മുൻനിർത്തിയാണ് അന്ന് ഒഴിവാക്കിയത്.
പരമാവധി 21 ദിവസമാണ് ജീവനക്കാർക്ക് സാംക്രമിക രോഗത്തിൻ്റെ പേരിൽ ആകസ്മിക അവധി അനുവദിക്കുന്നത്. പ്രത്യേക സാഹചര്യങ്ങളിൽ 30 ദിവസം വരെയും അനുവദിക്കും. പുതിയ സാംക്രമിക രോഗങ്ങൾ പലതും വന്നിട്ടും കെ.എസ്.ആറിലെ പട്ടികയിൽ അവയൊന്നും ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ നിർമാർജനം ചെയ്തതായി നേരത്തെ സർക്കാർതന്നെ അവകാശപ്പെട്ട ചില രോഗങ്ങൾ ആ പട്ടികയിൽ ഇപ്പോഴും തുടരുന്നുമുണ്ട്. വസൂരിയാണ് ഒന്നാമത്. പ്ലേഗ്, കോളറ, ടൈഫോയ്‌ഡ്, ന്യുമോണിയ, ഡിഫ്ത്തീരിയ, മെനിഞ്ചൈറ്റിസ് എന്നിവയാണ് മറ്റുരോഗങ്ങൾ. ചിക്കൻപോക്സിനെ വീണ്ടും ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
No comments
Post a Comment