തലശ്ശേരി – മാഹി ബൈപാസ് കടക്കാൻ കാറിന് ടോൾ 65; ബസ്, ലോറി 225
കണ്ണൂർ:- തലശ്ശേരി – മാഹി ബൈപാസിലൂടെയുള്ള യാത്രയ്ക്കു വാഹനങ്ങൾ നൽകേണ്ട ടോൾ നിരക്കുകൾ ദേശീയപാതാ അതോറിറ്റി നിശ്ചയിച്ചു. ബൈപാസ് കടക്കാൻ കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങൾക്ക് 65 രൂപയാണു നിരക്ക്. ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ മതിയാകും. 50 യാത്രകൾക്ക് 2195 രൂപ എന്ന തരത്തിൽ പ്രതിമാസ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ റജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയുമാണു നിരക്ക്.
ബസുകൾക്കും ലോറിക്കും (2 ആക്സിൽ) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയും നൽകണം. 8105 രൂപയ്ക്കു പ്രതിമാസ പാസും ലഭ്യമാണ്. 3 ആക്സിൽ വാഹനങ്ങൾക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതൽ 6 വരെ ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 350 രൂപയും ഇരുവശത്തേക്ക് 5425 രൂപയും നൽകണം. 7 ആക്സിലിനു മുകളിലുള്ള വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണു നിരക്ക്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും.
ഉത്തരേന്ത്യയിൽനിന്നുള്ള സ്ഥാപനത്തിനാണു ടോൾ പിരിക്കാനുള്ള കരാർ ലഭിച്ചിരിക്കുന്നത്. ബാലം പാലത്തിനും പള്ളൂർ സ്പിന്നിങ് മിൽ ജംക്‌ഷനും ഇടയിൽ കൊളശ്ശേരിക്കു സമീപമാണു ടോൾ പ്ലാസ സജ്ജമാക്കിയിരിക്കുന്നത്. റോഡിന്റെ ഇരുവശത്തും രണ്ടു വരികളായി വാഹനങ്ങൾക്കു കടന്നുപോകാവുന്ന വിധത്തിലാണു ടോൾ പ്ലാസയിലെ ക്രമീകരണം. ഫാസ്റ്റ് ടാഗ് സംവിധാനം വഴിയാണു ടോൾ അടയ്ക്കേണ്ടത്.
No comments
Post a Comment