കെ.ടെറ്റ് പരീക്ഷാഫലം വന്നില്ല ; ഫലം കാത്തിരിക്കുന്നത് 85,000-ത്തോളം പേർ
കണ്ണൂർ :- പരീക്ഷ പൂർത്തിയായി രണ്ട് മാസമാവാറായിട്ടും കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ.ടെറ്റ്) ഫലം വന്നില്ല. ഇതു മൂലം നിരവധി ഉദ്യോഗാർഥികൾക്കാണ് പബ്ലിക് സർവീസ് കമ്മീഷൻ്റെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാനാകാതെപോയത്. പി.എസ്.സിയുടെ എൽ.പി.എസ്.എ, യു.പി.എസ്.എ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയം നേരത്തെ കഴിഞ്ഞിരുന്നു.
കെ.ടെറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കുകൂടി അധ്യാപക തസ്തികയിലേക്ക് അപേക്ഷന ൽകാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ.ടെറ്റ് പരീക്ഷാഫലം വന്ന് കോടതിയുടെ വിധി അനുകൂലമായാൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാനാകുമെന്ന ഏക പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. കെ-ടെറ്റിൻ്റെ മൂന്ന് വിഭാഗങ്ങളുടെയും പരീക്ഷ കഴിഞ്ഞ ഡിസംബർ 30-നാണ് പൂർത്തിയായത്. ഒരുലക്ഷം പേർ അപേക്ഷിച്ചപ്പോൾ 85,000-ത്തോളം പേരാണ് പരീക്ഷയെഴുതിയത്. അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാനദിവസം ജനുവരി 31 ആയിരുന്നു. 2020-ലാണ് അവസാനമായി എൽ.പി.എസ്.എ, യു.പി.എസ്.എ പരീക്ഷകൾ നടന്നത്. പിന്നീട് ഈ വർഷമാണ് അപേക്ഷ ക്ഷണിച്ചത്. നാലുവർഷത്തിലൊരിക്കൽ മാത്രം അപേക്ഷ വിളിക്കുന്ന അധ്യാപക തസ്തികകളിലേക്ക് ഇത്തവണ അപേക്ഷിക്കാനാകാതെ വന്നാൽ അടുത്ത നാലു വർഷത്തോളം കാത്തിരിക്കേണ്ടിവരും.
ഇതേ തുടർന്നാണ് കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചത്. നേരത്തെ സമയം നീട്ടിനൽകാൻ ഉദ്യോഗാർഥികൾ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ ആഴ്ചയിൽ ഫലം വന്നേക്കുമെന്നാണ് ഉദ്യോഗാർഥികൾക്ക് വിദ്യാഭ്യാസവകുപ്പിൽനിന്ന് മറുപടി കിട്ടിയിട്ടുള്ളത്. മാർച്ച് ഒന്നിനാണ് ഹൈക്കോടതി കേസ് ഇനി പരിഗണിക്കുക.
No comments
Post a Comment