Header Ads

  • Breaking News

    പാനൂർ നഗരസഭായോഗത്തിൽ ആസ്തി രജിസ്റ്ററിനെച്ചൊല്ലി തർക്കം



    പാനൂർ : പാനൂർ നഗരസഭാ യോഗത്തിൽ അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള വാഗ്വാദത്തിനിടയാക്കി. ആസ്തി രജിസ്റ്ററിൽ തെറ്റായരീതിയിൽ റോഡിന്റെ നീളവും വീതിയും രേഖപ്പെടുത്തിയ അസി. എൻജിനിയറുടെ പേരിൽ നടപടി എടുക്കണമെന്നും പുതുതായി അളന്നുതിട്ടപ്പെടുത്തിയതുപ്രകാരം രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം.

    അജൻഡയിലേക്ക് കടക്കുംമുമ്പ് 24-ാം വാർഡ് കൗൺസിലർ സി.കെ. സജിലയാണ് പ്രമേയം അവതരിപ്പിച്ചത്. ആസ്തി രജിസ്റ്ററിൽ കാഞ്ഞിരക്കടവ്-തയ്യിൽ താഴെ റോഡിന്റെ നീളം ആയിരം മീറ്ററും വീതി നാല്‌ മീറ്ററുമാണ്. എന്നാൽ സ്ഥലമുടമയുടെ സമ്മതപത്രമില്ലാതെയാണ് വീതി രജിസ്റ്ററിൽ ചേർത്തതെന്നും ഒരു രേഖയും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പ്രമേയത്തിൽ ചുണ്ടിക്കാട്ടി. കൗൺസിൽ തീരുമാനപ്രകാരം അസി. എൻജിനിയറും കൗൺസിലർമാരും ഓവർസിയർമാരും ചേർന്ന് റോഡ് അളന്നപ്പോൾ വീതി 2.90 മുതൽ മൂന്നുമീറ്റർ വരെ മാത്രമേ ഉള്ളൂ എന്ന്‌ കണ്ടെത്തി. നീളം 430 മീറ്ററും. ഇത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. ഈ വിഷയം ഏതോ സമ്മർദത്തിന് വഴങ്ങി അജണ്ടയിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ സി.പി.എം. അംഗം എം.ടി.കെ. ബാബു ആരോപിച്ചു. അയ്യങ്കാളി പദ്ധതിയുടെ ഭാഗമായി നാലുലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് റോഡ് പണിയാൻ ഫണ്ട് അനുവദിച്ചിട്ടും വീതി 2.50 മീറ്റർ മാത്രമായതിനാൽ ഫണ്ട് നഷ്ടപ്പെട്ടതായും കേസിൽ ഒന്നാം പ്രതിയായതും ബാബു ചൂണ്ടിക്കാട്ടി. നാല്‌ മീറ്ററിൽ സ്ഥലം വിട്ടുനൽകാൻ മുന്നോ നാലോ സ്ഥലമുടമകൾ മാത്രമേ തയ്യാറായിട്ടുള്ളൂവെന്നും റോഡ് ടാർചെയ്യാൻ നടപടി ഉണ്ടാകണമെന്നും സജില ആവശ്യപ്പെട്ടു. റോഡിന്റെ വീതി പരമാവധി വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഹാഷിം അഭിപ്രായപ്പെട്ടു. ബി.ജെ.പി. അംഗങ്ങളും ആസ്തി രജിസ്റ്ററിനെക്കുറിച്ച് പരാതിപ്പെട്ടു.

    സ്ഥലം പരിശോധിച്ചതിനുശേഷം അടുത്ത യോഗത്തിൽ തീരുമാനിക്കാമെന്ന് അധ്യക്ഷതവഹിച്ച വൈസ് ചെയർപേഴ്സൺ പ്രീത അശോക് പറഞ്ഞു.നഗരസഭയുടെ തനത് ഫണ്ട് കൈകാര്യംചെയ്തുവരുന്ന കേരള ഗ്രാമീൺ ബാങ്ക് പാനൂർ ശാഖയിലെ നെറ്റ്‌ തകരാർ കാരണം മൂന്ന് ആഴ്ചയായി നഗരസഭയുടെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടുന്നതിനാലും കെ സ്മാർട്ട് സംവിധാനം നടപ്പാക്കുന്നതിനാലും നഗരസഭാ കാര്യാലയത്തിന്റെ സമീപത്തെ ബാങ്കിൽ പുതിയ എസ്.ബി. അക്കൗണ്ട് തുടങ്ങാനും തിരുമാനിച്ചു.

    No comments

    Post Top Ad

    Post Bottom Ad