എഐ ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാർണിവെല്ലും
ഗതാഗത നിയമലംഘനം പിടികൂടാൻ സ്ഥാപിച്ച എഐ ക്യാമറയിൽ കുടുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്റെ കിയ കാർണിവെല്ലും. നവ കേരള സദസിന്റെ ഇടുക്കി യാത്രയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ കാറിലെ നിയമ ലംഘനം എഐ ക്യാമറയുടെ കണ്ണിൽ കുടുങ്ങിയത്. മുൻസീറ്റിലെ സഹയാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വച്ചാണ് മുഖ്യമന്ത്രിയുടെ കെഎൽ 01 സിവി 6683 എന്ന വാഹനത്തിന് എഐ ക്യാമറ പിഴയിട്ടത്.500 രൂപ പിഴയാണ് നിയമലംഘനത്തിന് എംവിഡിക്ക് അടയ്ക്കേണ്ടത്. ഈ സമയത്ത് മുഖ്യമന്ത്രി കാറിലുണ്ടായിരുന്നില്ല. മുൻ സീറ്റിലിരുന്ന സീറ്റ് ബെൽറ്റ് ഇടാത്ത ഉദ്യോഗസ്ഥന്റെ ചിത്രമടക്കമാണ് പിഴ അടക്കേണ്ട നോട്ടീസ് നൽകിയിരിക്കുന്നത്. ഡിസംബർ 12 ന് വൈകീട്ട് 4.17 ഓടെയാണ് ഗതാഗത നിയമലംഘനം നടന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബസിൽ യാത്ര ചെയ്യുന്ന സമയത്താണ് സംഭവം. നവകേരള ബസിനൊപ്പം അകമ്പടി വാഹനമായാണ് മുഖ്യമന്ത്രിയുടെ കിയ കാർണിവൽ യാത്രയിൽ ഉണ്ടായിരുന്നത്. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ കിട്ടിയത് 42236 പരാതികളാണ്.നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ് പരിപാടി നടന്നത്. 140 അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ നടത്തിയ ഔദ്യോഗിക പര്യടനവും വിവിധ മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസും വൻവിജയമായാണ് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അവലോകനം ചെയ്തത്.
No comments
Post a Comment