റോഡിൽ സൂചനാവരകളില്ല : മയ്യിലിൽ ആറ് വരമ്പുകൾ:എടുത്തടിച്ച് വാഹനങ്ങൾ.
മയ്യിൽ: മിക്ക റോഡുകളിലെയും വേഗ നിയന്ത്രണ വരമ്പുകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയിട്ടും മയ്യിൽ ടൗണിലെ പ്രധാന പാതയിൽ 50 മീറ്ററിനുള്ളിലുള്ള ആറ് വലിയ വരമ്പുകൾക്ക് മാറ്റമില്ല.
ഇതിനു സമീപത്തുണ്ടാകേണ്ട വരമ്പുകളുണ്ടെന്ന സൂചന നൽകുന്ന വെളുത്ത വരകളും ഇപ്പോൾ കാണാനില്ല. തിരക്കിട്ട പാതയിലൂടെയെത്തുന്ന വാഹനങ്ങൾ മിക്കതും ഇവിടെയെത്തുമ്പോൾ സഡൻബ്രേക്കിടേണ്ട സ്ഥിതിയിലാണ്.അപ്പോഴേക്കും വാഹനങ്ങൾ ഇതിലേക്ക് കയറി എടുത്തടിക്കുന്ന നിലയിലാകും. പുതുതായി ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ പലതും വരമ്പുകളിൽ നിന്നുപോകുന്നതും സാധാരണ കാഴ്ചയാണ്.
വാഹനങ്ങൾ വരമ്പിൽ നിന്നുപോയാൽ ഏറെ നേരത്തേക്ക് വാഹനക്കുരുക്കുണ്ടാകുകയും ചെയ്യും. സാധാരണ ചെറിയ വരമ്പുകൾക്ക് പകരം ഇവിടെ സ്ഥാപിച്ചത് ഉയരം കൂടിയതായതിനാൽ ലോഡുമായെത്തുന്ന ലോറികളിലെ ഡ്രൈവർമാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ റോഡിനിരുവശത്തുകൂടെ വരമ്പുകളൊഴിവാക്കി പോകുകയാണ് പതിവ്. ഇത് കാൽനടയാത്രക്കാർക്കും ഭീഷണിയാകുകയാണ്.
മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻവശത്തും 50 മീറ്റർ മാറി ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തായുമാണ് നിലവിൽ വരമ്പുകളുള്ളത്.
No comments
Post a Comment