മാലിദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ! നിലവിലെ സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം
ന്യൂഡൽഹി: സംഘർഷങ്ങൾക്കൊടുവിൽ മാലിദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ. നിലവിൽ നൽകി വരുന്ന സഹായങ്ങൾ വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം. സഹായങ്ങൾ 22 ശതമാനമായാണ് വെട്ടിച്ചുരുക്കുക. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മാലിദ്വീപിന് ഇന്ത്യ വലിയ സാമ്പത്തിക സഹായങ്ങളാണ് നൽകിയിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മാലിദ്വീപിന്റെ പ്രധാന സഹായ പങ്കാളി കൂടിയാണ് ഇന്ത്യ. അടുത്തിടെ മാലിദ്വീപിന്റെ വികസനത്തിനായി ഇന്ത്യ കോടിക്കണക്കിന് രൂപ വരെ അനുവദിച്ചിരുന്നു. ഇന്ത്യയുടെ പുതിയ നടപടി തിരിച്ചടി സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
2023-24 സാമ്പത്തിക വർഷത്തിൽ മാത്രം മാലിദ്വീപിന് സഹായമായി ഇന്ത്യ അനുവദിച്ചത് 770.90 കോടി രൂപയായിരുന്നു. മാലിദ്വീപിന് പുറമേ, വരുന്ന സാമ്പത്തിക വർഷം മറ്റ് വിദേശരാജ്യങ്ങൾക്ക് നൽകിവന്നിരുന്ന സഹായവും ഇന്ത്യ വെട്ടിച്ചുരുക്കിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ വിദേശരാജ്യങ്ങളുടെ സഹായത്തിനായി 4,883.56 കോടി രൂപയാണ് ഇന്ത്യ വകയിരുത്തിയിരിക്കുന്നത്.
No comments
Post a Comment