Header Ads

  • Breaking News

    കൊടും ചൂടിന്റെ ദിവസം; കണ്ണൂര്‍ ജില്ലയിൽ സ്ഥിതി രൂക്ഷമാവും, ജാഗ്രത നിർദേശം



    തിരുവനന്തപുരം: സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമാവുക. 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരും. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

    പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണം, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രം ധരിക്കണം, ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം. കുടയോ തൊപ്പിയോ പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവ കൂടുതൽ ഉപയോഗിക്കണം.

    വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകൽ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

    No comments

    Post Top Ad

    Post Bottom Ad