Header Ads

  • Breaking News

    പിഎസ്‌സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; കടന്നുകളഞ്ഞത് അമല്‍ജിത്തിന് വേണ്ടി എത്തിയ സഹോദരന്‍ അഖില്‍ജിത്ത്; ഇറങ്ങി ഓടിയത് വയറുവേദന കാരണമെന്ന് കുടുംബം



    തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്കിടെ ബയോമെട്രിക് പരിശോധന ആരംഭിച്ചപ്പോള്‍ ഇറങ്ങി ഓടിയത് മുഖ്യപ്രതിയായ അമല്‍ജിത്തിന്റെ സഹോദരനെന്ന് േപാലീസ്. പരീക്ഷയ്ക്കായി എത്തേണ്ടിയിരുന്നത് അമല്‍ജിത്തായിരുന്നു. ഇയാള്‍ക്ക് വേണ്ടി സഹോദരന്‍ അഖില്‍ജിത്ത് ആള്‍മാറാട്ടം നടത്തി എത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. നേമം സ്വദേശികളായ രണ്ടുപേരും ഒളിവിലാണ്.

    അതേസമയം, അമല്‍ജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറു വേദനയായതിനാല്‍ പരീക്ഷാഹാളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോവുകയായിരുന്നു അമല്‍ജിത്തെന്നാണ് വീട്ടുകാരുടെ മൊഴി.

    ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ യൂണിവേഴ്‌സിറ്റി എല്‍ജിഎസിനിടെ ആള്‍മാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ത്ഥി പരീക്ഷാ ഹാളില്‍ നിന്ന് ഓടിപ്പോവുകയായിരുന്നു. ബയോമെട്രിക് പരിശോധനയ്ക്കായി ഉദ്യോഗസ്ഥന്‍ എത്തിയ സമയത്തായിരുന്നു ഇറങ്ങി ഓടിയതെന്നതിനാല്‍ ആള്‍മാറാട്ടം ഉറപ്പിക്കുകയായിരുന്നു.


    ആള്‍മാറാട്ടം നടത്തിയ ആള്‍ രക്ഷപ്പെട്ട ബൈക്കിനെ പിന്തുടര്‍ന്നും അന്വേഷണം നടത്തുന്നുണ്ട്. അമല്‍ജിത്താണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് സംശയം. എന്നാല്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതാണ് പോലീസിനെ കുഴക്കുന്നത്.

    പൂജപ്പുരയില്‍ നിന്ന് തിരുമല ഭാഗത്തേയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. അമല്‍ജിത്ത് കാത്തുനിന്നിരുന്ന സ്ഥലത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. പാങ്ങോട് സൈനികകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൂജപ്പുര സിഐയുടെ നേതൃത്വത്തില്‍ ഷാഡോ ടീം ഉള്‍പ്പടെ അന്വേഷണത്തിനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad