രണ്ട് വയസുകാരി സ്വയം നടന്നുപോയതല്ല; പോലീസിന്റെ അനുമാനം തള്ളി ബന്ധുക്കൾ
തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി മൂന്നാംദിവസമായിട്ടും ദുരൂഹത മാറുന്നില്ല. കൊച്ചുവേളി റെയിൽവെ സ്റ്റേഷനടുത്ത ഓടക്കരികിൽ നിന്നും കുട്ടിയെ കിട്ടിയെങ്കിലും എങ്ങിനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതോ അല്ലെങ്കിൽ കുട്ടി ഒറ്റയ്ക്ക് ഇവിടേക്ക് നടന്നെത്തിയതോ ആകാമെന്ന സംശയത്തിലാണ് പോലീസ്. പക്ഷേ പോലീസിന്റെ ഈ അനുമാനം തള്ളുകയാണ് കുട്ടിയുടെ കുടുംബം. പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. കുട്ടി റെയിൽവെ ട്രാക്കിന് സമീപത്തേക്ക് പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുട്ടികൾ പോയിട്ടില്ലെന്നും അച്ഛൻ അമർദീപ് കുർമി വ്യക്തമാക്കി.
സംഭവത്തിൽ ആരെയും പ്രത്യേകിച്ച് സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവർ കുട്ടിയെ കൊണ്ടു പോകില്ലെന്നും അപ്പൂപ്പൻ പ്രതികരിച്ചു. കുഞ്ഞിനെ ആരോ പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതാണെന്ന സംശയത്തിനാണ് പോലീസും മുൻതൂക്കം നൽകുന്നതെങ്കിലും പ്രതിയാരാണെന്നതിൽ ഇനിയും വ്യക്തതയില്ല. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം തുടരുന്നത്. എസ്.എ.ടി ആശുപത്രിയിലുള്ള കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും കുട്ടിയെ ഒരാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ നിര്‍ത്താനാണ് തീരുമാനം.
No comments
Post a Comment