കോവളം-ബേക്കല്‍ പശ്ചിമതീര കനാല്‍ വികസനം; നിർമാണം പുരോഗമിക്കുകയാണ്: മുഖ്യമന്ത്രി
കോവളം-ബേക്കല്‍ പശ്ചിമതീര കനാല്‍ വികസനത്തിന്‍റെ ഭാഗമായുള്ള പ്രവൃത്തികള്‍ വര്‍ക്കല ഭാഗത്തും ദ്രുതഗതിയില്‍ പുരോഗമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വി. ജോയി എം എൽ എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വര്‍ക്കലയിലെ രണ്ട് ടണലുകളിലെയും ചെളിയും മറ്റും നീക്കം ചെയ്തിട്ടുണ്ട്. ഇവയ്ക്കിടയിലുള്ള കനാലിന്‍റെ പ്രവൃത്തികള്‍ നടന്നുവരുന്നു. ചിലക്കൂര്‍ ടണലിനുള്ളില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെ ഫണ്ട് ഉപയോഗിച്ച് കേരള വാട്ടര്‍വെയ്സ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചേഴ്സാണ് ഇത് നടപ്പാക്കുന്നത്. ഇതിനാവശ്യമായ 20 സീറ്റ് കപ്പാസിറ്റിയുള്ള ഇലക്ട്രിക് ബോട്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. ലൈറ്റ് ആന്‍റ് സൗണ്ട് ഷോയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ശ്രീനാരയണഗുരുവിന്‍റെ ജീവചരിത്രം, തിരുവിതാംകൂറിന്‍റെ ചരിത്രം ഉള്‍പ്പെടെ വിവിധ ചരിത്ര സംഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലൈറ്റ് ആന്‍റ് സൗണ്ട് ഷോ പ്രദര്‍ശിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
No comments
Post a Comment