ചികിത്സാസഹായ തട്ടിപ്പ്; പരാതി നൽകി
പഴയങ്ങാടി : മരിച്ച കുട്ടിയുടെ പേരിൽ ചികിത്സാസഹായ തട്ടിപ്പുനടത്തുന്നതിനെതിരെ പരാതി നൽകി.വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്.മാടായി വാടിക്കലിലെ ഹൈസിൻ ഇബ്രാഹിം ചികിത്സാ കമ്മിറ്റിയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
കുട്ടിയുടെ ചികിത്സക്കായി തുക പിരിച്ചുവെങ്കിലും സഹായത്തിനു കാത്തു നിൽക്കാതെ കുട്ടി മരിച്ചു.ചികിത്സച്ചെലവിനു ശേഷം മിച്ചം വന്നതുക മാരക രോഗബാധിതർക്കു നൽകാൻ തീരുമാനിച്ചു.ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും നിർദേശം നൽകി.
എന്നാൽ ചികിത്സാ സഹായ കമ്മിറ്റി തയ്യാറാക്കിയ വീഡിയോക്കൊപ്പം വ്യാജ അക്കൗണ്ട് നമ്പർ ചേർത്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. കമ്മിറ്റിക്ക് ഇതുമായി ബന്ധമില്ലെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തണമെന്നും വ്യാജ അക്കൗണ്ട് മരവിപ്പിക്കണമെന്നും കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറഞ്ഞു.
എത്രയും പെട്ടെന്ന് അന്വേഷണം നടത്തി വ്യാജ പ്രചാരകരെ പിടികൂടണമെന്ന് കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ ടി.പി. അബ്ബാസ് ഹാജി, കൺവീനർ അബ്‌ദുൾ റഹിമാൻ വൈസ് ചെയർമാൻ സജീനാരായണൻ, മൊയ്തീൻ ചേരിച്ചി, ഷൗക്കി മണ്ണൻ, സജ്ഫീർ തപ്പി, റാഷിദ് മിനാർ, പി.വി. ശിവൻ, നൗഷാദ് വാടിക്കൽ, സാദിഖുൽ അക്ബർ, റഹ്നാസ് ചീലേൻ, ഫവാസ് മണ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
No comments
Post a Comment