സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 40 ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതോടെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സര്‍ക്കാര്‍ പാലിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തിക ആരോഗ്യ വകുപ്പ് സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണല്‍ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഹോമിയോ വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 600 ആയുഷ് ഹെല്‍ത്ത് & വെല്‍നെസ് സെന്ററുകളാക്കി പരിവര്‍ത്തനം ചെയ്തതില്‍ 240 എണ്ണം ഹോമിയോ വിഭാഗത്തിന്റേതാണ്. കൂടാതെ പുതുതായി ആയുഷ് ഹെല്‍ത്ത് & വെല്‍നെസ് സെന്ററുകളായി അംഗീകാരം ലഭിച്ച 100 എണ്ണത്തില്‍ 40 എണ്ണം ഹോമിയോ സ്ഥാപനങ്ങളാണ്. ആയുഷ് മേഖലയില്‍ അടുത്തിടെ 150 സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചിരുന്നു. അതില്‍ 65 എണ്ണം ഹോമിയോ വിഭാഗത്തിന്റേതാണ്. ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ഏകോപിപ്പിക്കാനായി ഹാര്‍ട്ട് പദ്ധതി നടപ്പിലാക്കി. അടൂരില്‍ ഹോമിയോ മാതൃ ശിശു ആശുപത്രിയ്ക്കായുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
No comments
Post a Comment