അനധികൃത മണ്ണെടുപ്പ് ; കനത്ത പിഴയീടാക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നിർദേശം
കണ്ണൂർ :- ദേശീയപാതാ വികസനത്തിന്റെ മറവിലും മറ്റും അനധികൃതമായി മണ്ണെടുക്കുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നിർദേശം. നിയമപ്രകാരം അടയ്ക്കേണ്ട റോയൽറ്റിയുടെ അഞ്ചിരട്ടിയും എടുത്ത മണ്ണിന്റെ തോതനുസരിച്ച് പിഴയും ഈടാക്കും. 2015-ലെ കേരള മൈനർ മിനറൽ കൺസഷൻ റൂളിൽ 2023-ൽ വരുത്തിയ ഭേദഗതിപ്രകാരമുള്ള അധിക റോയൽറ്റിയും പിഴയും ഈടാക്കുന്നത് കർശനമാക്കണമെന്നാണ് ഖനന, ഭൂവിജ്ഞാന വകുപ്പിന്റെ നിർദേശം. ദേശീയപാതാ വികസനത്തിന് മണ്ണെടുക്കാനും സ്ഥലം നികത്താനും പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര നിർദേശത്തിന്റെ മറപിടിച്ച് അനധികൃത മണ്ണെടുപ്പ് വ്യാപകമാണന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിയമാനുസൃതം ഒരു ടൺ മണ്ണെടുക്കാൻ 40 രൂപ റോയൽറ്റിയടയ്ക്കണം. ഈ തുകയുടെ 10 ശതമാനം ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റി (ഡി.എം.എഫ്)ലും അടയ്ക്കണം. ഇതിനുപുറമെ, രണ്ട് ശതമാനം ആദായനികുതിയുമുണ്ട്. അനുമതിയോടെയുള്ള മണ്ണെടുപ്പിന് ഈ തുക കറാറുകാരാണ് അടയ്ക്കേണ്ടത്. അനധികൃത മാണെങ്കിൽ സ്ഥലമുടമയും. ഭൂമി നിരപ്പാക്കാനും മറ്റും സൗജന്യമായി മണ്ണെടുക്കാൻ അനുമതി നൽകുന്നവരുണ്ട്. നിയമത്തിൻ്റെ കാർക്കശ്യമറിയാതെ മണ്ണെടുക്കാൻ ഭൂമി വിട്ടുകൊടുക്കുന്നവർ കനത്ത പിഴ നൽകേണ്ടി വരും.
No comments
Post a Comment