യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം: ലോകനിലവാരത്തിലേക്ക് ഡ്രൈവിംഗ് ഉയർത്തുകയാണ് ലക്ഷ്യമെന്ന് കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: പുതിയ ലൈസൻസ് പരിഷ്‌കരണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. ലോകനിലവാരത്തിലേക്ക് ഡ്രൈവിംഗ് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളുകളുടെ താത്പര്യമല്ല പ്രധാനമെന്നും യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്ന സമയത്ത് ഹാൻഡിൽ ബാറിൽ ഗിയർ വരുന്ന വാഹനങ്ങൾ നൽകരുത്. ഇത്തരം സാങ്കേതികവിദ്യ കാലാഹരണപ്പെട്ടതാണെന്ന് സർക്കുലറിൽ പറയുന്നു. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. പകരം സിഗ്‌സാഗ് ഡ്രൈവിങും പാർക്കിങും ഉൾപ്പെടുത്തും.
ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോ?ഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ പറയുന്നു. ഗിയറുള്ള കാറിൽ തന്നെയാകണം ടെസ്റ്റ് നടത്തേണ്ടത് എന്നാണ് പുതിയ നിർദ്ദേശം. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. പുതിയ മാറ്റങ്ങൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിൽ തന്നെ നടത്തണമെന്നും സർക്കുലറിൽ പറയുന്നു. വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം. ടെസ്റ്റ് കേന്ദ്രങ്ങളിൽ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമ വിരുദ്ധമാകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും കൊണ്ടുവന്നു. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോർഡ് ചെയ്ത് സൂക്ഷിക്കണം. ഡ്രൈവിംഗ് സ്‌കൂളുകൾ കൊണ്ടു വരുന്ന കാറുകൾക്ക് ഡാഷ് ക്യാമറ നിർബന്ധമാകും. ടെസ്റ്റും ക്യാമറയിൽ റെക്കോർഡ് ചെയ്യണം. ലൈസൻസ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
No comments
Post a Comment