കൂത്തുപറമ്പിൽനിന്ന് അതിരാവിലെയും രാത്രിയിലും ബസില്ല, യാത്രക്കാർ വലയുന്നു.
കൂത്തുപറമ്പ്: അതിരാവിലെയും രാത്രിയിലും മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ ബസുകളെ വിശ്വസിച്ച് കൂത്തുപറമ്പിലെത്തിയാൽ യാത്രക്കാർ ‘പെട്ടതു’തന്നെ. ഇരുട്ട് പരക്കും മുൻപ് തന്നെ പ്രധാന സ്ഥലങ്ങളിലേക്കുള്ള ബസുകൾ ഓട്ടം നിർത്തുന്ന സ്ഥിതിയാണ്.
പ്രത്യേക വാഹനം വിളിച്ച് വൻതുക ചെലവഴിച്ചാണ് കൂലിപ്പണിക്കാരുൾപ്പെടെയുള്ളവർ വീട്ടിലെത്തുന്നത്. പുലർച്ചെ കൂത്തുപറമ്പിൽനിന്ന് ബസില്ലാത്തതിനാൽ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടിയിലുൾപ്പെടെ പോകേണ്ടവർ പ്രത്യേക വാഹനങ്ങളെ ആശ്രയിക്കുകയോ നഗരങ്ങളിൽ തലേദിവസം താമസിക്കുകയോ ചെയ്യേണ്ടിയും വരുന്നു.
രാത്രി എട്ട് കഴിഞ്ഞാൽ ബസില്ല: കണ്ണൂരിലേക്കും പാനൂരിലേക്കും രാത്രി എട്ട് കഴിഞ്ഞാൽ ബസില്ല. കോവിഡിന് മുൻപ് 8.30 വരെ ഇടതടവില്ലാതെ ബസ് സർവീസ് നടന്നിടത്താണ് ഈ സ്ഥിതി. കൂത്തുപറമ്പിൽനിന്ന് അഞ്ചരക്കണ്ടിയിലേക്ക് 7.30-നാണ് അവസാനത്തെ ബസ് പുറപ്പെടുന്നത്. നേരത്തെ 7.45, എട്ട്, 8.45 എന്നീ സമയങ്ങളിൽ മൂന്ന് ബസുകൾ ഓടിയിരുന്നിടത്താണ് ഇന്ന് 7.30-ഓടെ ബസ് സർവീസ് അവസാനിപ്പിക്കുന്നത്.
പ്രയാസം തീവണ്ടി യാത്രക്കാർക്കും:തലശ്ശേരിയിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന തീവണ്ടികളിൽ പോകേണ്ട കൂത്തുപറമ്പ് ഭാഗത്തുനിന്ന് വരുന്നവർ സ്വന്തം വാഹനങ്ങളിലോ അല്ലെങ്കിൽ പ്രത്യേക വാഹനങ്ങൾ ഏർപ്പാടാക്കിയോ ആണ് റെയിൽവെ സ്റ്റേഷനിലെത്തുന്നത്. 4.45-ന് കൂത്തുപറമ്പിൽനിന്ന് പുറപ്പെടുന്നതോ കൂത്തുപറമ്പിലെത്തുന്നതോ ആയ ബസുണ്ടെങ്കിൽ നൂറുകണക്കിന് യാത്രക്കാരുടെ പ്രയാസത്തിനാണ് പരിഹാരമാകുക.
5.20-നാണ് തലശ്ശേരിയിലേക്ക് കൂത്തുപറമ്പിൽനിന്ന് ആദ്യത്തെ ബസ് പുറപ്പെടുന്നത്. തുടർന്ന് കൊട്ടിയൂരിൽനിന്നും ഇരിട്ടിയിൽനിന്നും പുറപ്പെടുന്ന രണ്ട് ബസുകൾ 5.40-നും എത്തുന്നു. എന്നാൽ ഒരുമണിക്കൂർ മുൻപ് ഈ രണ്ട് ബസുകൾ കൂത്തുപറമ്പിലെത്തുന്ന വിധത്തിൽ യാത്രാസമയം ക്രമീകരിച്ചാൽ മലയോര മേഖലയിൽനിന്നുൾപ്പെടെയുള്ള തീവണ്ടി യാത്രക്കാർക്ക് ഏറെ സഹായകരമാകും. വൻ യാത്രാചെലവ് കുറയ്ക്കാനുമാകും. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് 5.20-നാണ് ആദ്യത്തെ ബസ് പുറപ്പെടുന്നത്. അഞ്ച് മണിക്ക് മുൻപായി ബസ് സർവീസുണ്ടെങ്കിൽ കാസർകോട് ഭാഗങ്ങളിലേക്കുള്ള തീവണ്ടി യാത്രക്കാരുൾപ്പെടെയുള്ളവർക്ക് സഹായകമാകും.
ചില സ്ഥലങ്ങളിൽ ആശ്വാസം: ഇരിട്ടിയിലേക്ക് പോകാൻ തലശ്ശേരിയിൽനിന്ന് വരുന്ന ബസ് 9.15-ഓടെ കൂത്തുപറമ്പിൽ എത്തുന്നതിനാൽ ആ ഭാഗങ്ങളിലുള്ളവർക്ക് രാത്രിയാത്ര പ്രയാസമുണ്ടാക്കുന്നില്ല.
മൈസൂരുവിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസ് 10-ന് കൂത്തുപറമ്പിലെത്തും. അതിനാൽ തലശ്ശേരിയിലേക്ക് പോകുന്നവർക്കും പ്രശ്‌നമില്ല.
കണ്ണൂരിൽനിന്ന് വരുന്ന ബസുകൾ ഒൻപതിനുശേഷവും എത്താറുള്ളതിനാൽ നെടുമ്പൊയിൽ ഭാഗത്തേക്ക് പോകുന്നവർക്കും രാത്രിയാത്ര പ്രയാസമാകുന്നില്ല.
വേണം, സർക്കുലർ സർവീസ്: രാത്രിയാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി കെ.എസ്.ആർ.ടി.സി. സർക്കുലർ സർവീസ് തുടങ്ങാൻ നേരത്തേ നിർദേശമുണ്ടായിരുന്നു. കണ്ണൂർ-കൂത്തുപറമ്പ്-തലശ്ശേരി-കണ്ണൂർ സർവീസും കണ്ണൂർ-തലശ്ശേരി-കൂത്തുപറമ്പ്-കണ്ണൂർ സർവീസും നടത്താനായിരുന്നു ആലോചന. ഇത് നടപ്പാക്കുകയാണെങ്ങിൽ ടൗണുകളിൽ രാത്രി കുടുങ്ങിക്കിടക്കുന്ന നിരവധി യാത്രക്കാർക്ക് ഏറെ സഹായകരമാകും.
No comments
Post a Comment