Header Ads

  • Breaking News

    ആംബുലൻസുകൾക്ക് ജിപിഎസ് ട്രാക്കിങ് വരുന്നു; റിപ്പോർട്ട് കിട്ടിയാലുടൻ താരിഫ് ഏർപ്പെടുത്തുമെന്ന് മന്ത്രി



    തിരുവനന്തപുരം: ആംബുലൻസുകളെ ട്രാക്ക് ചെയ്യാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ആംബുലൻസുകളെ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനു വേണ്ടിയാണിത്. കഞ്ചാവ് കടത്തുന്നതിനും കുഴൽപ്പണം കടത്തുന്നതിനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾക്കുമെല്ലാം ആംബുലൻസ് സ്റ്റിക്കർ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഇത് അവസാനിപ്പിക്കും. ആരോഗ്യവകുപ്പിന്റെ ഒരു ആപ്പുമായി ചേർത്ത് എല്ലാ ആംബുലൻസുകളെയും ജിപിഎസ്സുമായി ബന്ധിപ്പിക്കും. രോഗിയുമായി ആംബുലൻസ് എവിടെ എത്തുന്നുവെന്ന് കൃത്യമായി അറിയാൻ ഇതുവഴി സാധിക്കും. കോയമ്പത്തൂരിലെ ആശുപത്രിയിൽ പോകാൻ വേണ്ടി ചിലർ വണ്ടി വാങ്ങി ആംബുലൻസ് സ്റ്റിക്കർ ഒട്ടിച്ചുവെച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഗണേഷ് കുമാർ വെളിപ്പെടുത്തി. ചിലർ എയർപോർട്ടിൽ പെട്ടെന്ന് എത്താൻ വേണ്ടിയാണ് ആംബുലൻസ് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് ഇത്തരം ചില ആംബുലൻസുകളെ പിടികൂടിയതായും മന്ത്രി അറിയിച്ചു. ആംബുലൻസായി ഓടുന്ന പല വണ്ടികളും ആംബുലൻസായല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് വ്യാജ ആംബുലൻസുകൾ പിടിച്ചെടുക്കാൻ ഗതാഗതവകുപ്പ് പ്രത്യേക ഡ്രൈവ് നടത്തിയതായി മന്ത്രി പറഞ്ഞു. നിരവധി വാഹനങ്ങൾ ഈ രീതിയിൽ പിടികൂടിയിട്ടുണ്ട്. മറ്റ് ജില്ലകളിലും സമാനമായ ദൗത്യങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആംബുലൻസുകളെയെല്ലാം ട്രാക്ക് ചെയ്യുന്ന സംവിധാനവും അധികം താമസിയാതെ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ഇതുകൂടാതെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുമെന്ന തന്റെ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ടാക്സികൾക്കും മറ്റും താരിഫുണ്ട്. ഓരോ വണ്ടിയുടെയും വലിപ്പമനുസരിച്ച് താരിഫ് വ്യത്യാസപ്പെടും. ആംബുലൻസ് ഉടമകളുടെ സംഘടനകളും ഇതേ അഭിപ്രായക്കാരാണെന്നും മന്ത്രി പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad