Header Ads

  • Breaking News

    സ്‌കൂള്‍ ബസുകളിലും പാസഞ്ചര്‍ ബസുകളിലും സീറ്റ് ബെല്‍റ്റുകള്‍ വേണം’; കേന്ദ്രത്തോട് ശുപാര്‍ശയുമായി ഐ.ആർ.എഫ്.


    ന്യൂഡല്‍ഹി: സ്കൂള്‍ ബസുകളിലും പാസഞ്ചർ ബസുകളിലും നിർബന്ധമായി സീറ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ചിരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തോട് അന്താരാഷ്ട്ര റോഡ് ഫെഡറേഷൻ (ഐ.ആർ.എഫ്) ആവശ്യപ്പെട്ടു.

    പാസഞ്ചർ ബസ് അപകടങ്ങളില്‍ ഒട്ടേറെയാളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സ്കൂള്‍ ബസുകള്‍, പാസഞ്ചർ ബസുകള്‍ പോലെയുള്ള ഹെവിവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐ.ആർ.എഫ്. പ്രസിഡന്റ് കെ.കെ. കപില കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പൊതുഗതാഗതസംവിധാനങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്ന ചൈന, അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ റോഡപകടം കാരണമുണ്ടാകുന്ന മരണങ്ങള്‍ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി.

    ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുൻസീറ്റില്‍ യാത്ര ചെയ്യുന്നവർക്കും 2023 നവംബർ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കിയിരുന്നു. 2023 ജൂണ്‍ മാസത്തിലായിരുന്നു ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കണമെന്ന നിർദേശം ഉയർന്നത്.

    കേന്ദ്രനിയമമനുസരിച്ച്‌ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിർബന്ധമാണ്. പുതിയതായി നിരത്തുകളില്‍ ഇറങ്ങുന്ന ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. എന്നാല്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്ന് ഇത് അഴിച്ചുമാറ്റാറായിരുന്നു പതിവ്. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവർ സീറ്റിലുമാണ് ബെല്‍റ്റ് ഉറപ്പാക്കേണ്ടത്.

    ഹെവി വാഹനങ്ങളില്‍ ഡ്രൈവറും സഹായിയും സീറ്റ്ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ ഈടാക്കുന്നത്. 1,000 രൂപ പിഴ ഈടാക്കാമെന്ന കേന്ദ്രനിയമത്തില്‍ ഇളവുനല്‍കിയാണ് പിഴ 500 രൂപയാക്കി സംസ്ഥാന സർക്കാർ ചുരുക്കിയത്. 1994 മുതല്‍ രജിസ്റ്റർചെയ്ത ഭാരവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. നിയമം ലംഘിച്ചാല്‍ മൂന്നുമാസത്തേക്കുവരെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള നിയമമുണ്ടെന്നും അധികൃതർ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad