Header Ads

  • Breaking News

    ഡ്രൈവിംഗ് ലെെസൻസ് പരിഷ്കാരം: സമരത്തിനൊരുങ്ങി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ.


    കണ്ണൂർ : മോട്ടാർ വാഹനവകുപ്പിന്റെ പുതിയ പരിഷ്ക്കാരങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംഘടന രംഗത്ത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ടെസ്റ്റ് പരിഷ്കരിക്കുന്നത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് വലിയ ബാദ്ധ്യതയാണുണ്ടാകുകയെന്നും ചെറിയ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടിപ്പോവുന്ന സാഹചര്യമുണ്ടാവുമെന്നും സംഘടന ആരോപിക്കുന്നു.

    ചെറുകിട ഡ്രൈവിംഗ് സ്‌കൂൾ മേഖലയെ ഒഴിവാക്കി വൻകിട കുത്തക കമ്പനികളെ സഹായിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് യാതൊരു പഠനവും നടത്താതെ പുതിയ ടെസ്റ്റ് രീതിയെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴസ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

    ഡ്രൈവിംഗ് പരിശീലനച്ചെലവ് ഇരട്ടിയിലധികമാകും. സർക്കുലറിലുള്ള മോട്ടോർ സൈക്കിൾ പാർട്ട് 2 ടെസ്റ്റ് ഗതാഗതമുള്ള റോഡിൽ നടത്തണം എന്ന നിർദ്ദേശം റോഡപകടങ്ങൾ വർദ്ധിക്കാനും ഗതാഗതകുരുക്ക് ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് സംഘടന ആരോപിച്ചു.
    നിലവിൽ 120 ടെസ്റ്റ് നടക്കുന്നത് 30 ആയി കുറക്കുന്നത് ഗതാഗത നിയമലംഘനത്തിന് വഴിയൊരുക്കുകയാണ്. ഡ്രൈവിംഗ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കിയതും ഡ്രൈവിംഗ് സ്‌കൂളുകൾക്ക് തിരിച്ചടിയായി. നിലവിൽ മേഖലയിൽ 6003 സ്‌കൂളുകളും മൂന്ന് ലക്ഷം തൊഴിലാളികളുമാണ് പ്രവർത്തിക്കുന്നത്. പുതിയ ടെസ്റ്റ് രീതി നടപ്പിലാക്കുന്നത് തൊഴിൽ നഷ്ടടമുണ്ടാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

    ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിക്കുമ്പോൾ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകണമെന്നും ഡ്രൈവിംഗ് സ്കൂൾ മേഖലയെ ബാധിക്കുന്ന പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂ‌ൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ
    ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സെക്രട്ടറിയേറ്റ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും. വാർത്താസമ്മേളനത്തിൽ അസോ.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഷറഫ് നരിമുക്കിൽ, ട്രഷറർ സൗമിനി മോഹൻദാസ്, ജില്ലാ പ്രസിഡന്റ് പ്രകാശൻ പേരാമ്പ്ര, സെക്രട്ടറി ഷൈജു ബാലുശ്ശേരി എന്നിവർ പ്രസംഗിച്ചു.


    No comments

    Post Top Ad

    Post Bottom Ad