രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം സജ്ജമാക്കി കെല്‍ട്രോണ്‍
കണ്ണൂര്‍ : കേരളത്തിന് അഭിമാനമായി രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന കേന്ദ്രം മാങ്ങാട്ടുപറമ്പ് കെല്‍ട്രോണില്‍ പ്രവര്‍ത്തന സജ്ജമായി.
ഉയര്‍ന്ന ഊര്‍ജസംഭരണ ശേഷിയുള്ള പുതുതലമുറ കപ്പാസിറ്ററാണ് സൂപ്പര്‍ കപ്പാസിറ്റര്‍. കുറഞ്ഞ വോള്‍ട്ടേജ് പരിധിയിലും കൂടുതല്‍ ഊര്‍ജം സംഭരിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളേക്കാള്‍ നൂറ് മടങ്ങാണ് ഊര്‍ജ സംഭരണശേഷി.
ഓട്ടോമോട്ടീവ്, പുനരുപയോഗ സാധ്യതയുള്ള ഊര്‍ജം, ബഹിരാകാശ വിക്ഷേപണ വാഹനം, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അവിഭാജ്യ ഘടകമാണിത്.
42 കോടി രൂപ മുതല്‍ മുടക്കില്‍ ഐഎസ്ആര്‍ഒയുടെ സാങ്കേതിക സഹായത്തോടെയാണ് സൂപ്പര്‍ കപ്പാസിറ്ററിന്റെ ഉല്‍പ്പാദനം. നിലവില്‍ വിദേശത്ത് നിന്നാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നത്.
18 കോടി മുതല്‍ മുടക്കിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം സജ്ജമാക്കിയത്. മെഷിനറികള്‍, 3.5 കോടി മുതല്‍ മുടക്കിലുള്ള ഡ്രൈറൂമുകള്‍, അഞ്ച് കോടിയുടെ കെട്ടിടം എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്.
പ്രതിദിനം 2100 കപ്പാസിറ്റാണ് ഉല്‍പ്പാദനശേഷി. വി എസ്എ സ് സി, സിമെറ്റ്, എന്‍ എം ആര്‍ എല്‍ എന്നീ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന മാങ്ങാട്ടുപറമ്പ് കെല്‍ട്രോണ്‍ രാജ്യത്തിന് സമര്‍പ്പിക്കുന്ന ബൃഹദ് പദ്ധതിയാണിതെന്ന് എംഡി കെ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ആദ്യഘട്ടം കമീഷന്‍ ചെയ്ത് നാലാം വര്‍ഷത്തോടെ 22 കോടിയുടെ വാര്‍ഷിക വിറ്റുവരവും 2.72 കോടിയുടെ വാര്‍ഷിക ലാഭവുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
No comments
Post a Comment