'സാരഥി’ വീണ്ടും പണിമുടക്കി; ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ നിശ്ചലം.
കണ്ണൂർ :ഡ്രൈവിങ് ലൈസൻസ് അച്ചടി മുടങ്ങിയതിന് പിന്നാലെ സോഫ്റ്റ്വെയറും കൂടി പണിമുടക്കിയതോടെ അപേക്ഷകർ നെട്ടോട്ടത്തിൽ. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘സാരഥി’ സോഫ്റ്റ്വെയർ വഴിയാണ് ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. രണ്ടാഴ്ചയായി ഇടയ്ക്കിടെ തടസപ്പെട്ടിരുന്ന സോഫ്റ്റ്വെയർ രണ്ട് ദിവസമായി പൂർണ്ണമായും നിശ്ചലമായി. ഇതോടെ അപേക്ഷ സമർപ്പിക്കാനോ, പുതുക്കാനോ കഴിയാതെയായി. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകരാണ് ഏറെ കുഴയുന്നത്. കാലാവധി കഴിഞ്ഞാൽ പിഴ അടയ്ക്കണം. ലൈസൻസ് പുതുക്കി കിട്ടാതെ വാഹനം ഓടിക്കാനും കഴിയില്ല. നേരത്തെ സമർപിച്ച അപേക്ഷകളിലെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തവരുമുണ്ട്.
സംസ്ഥാനത്ത് നിന്നും ദിവസം കാൽലക്ഷത്തിലേറെ ആവശ്യക്കാരാണ് സാരഥി സോഫ്റ്റ്വെയറിൽ എത്തുന്നത്. സംസ്ഥാനത്തെ ലൈസൻസ് വിതരണം നവംബർ മുതൽ താളംതെറ്റിയിരുന്നു. കേന്ദ്രീകൃത അച്ചടി നിർത്തിയതോടെ 4.5 ലക്ഷം ലൈസൻസ് കാർഡുകൾ അച്ചടിക്കേണ്ടതുണ്ട്. ലൈസൻസ് അച്ചടിക്ക് കരാർ എടുത്തിട്ടുള്ള കമ്പനിക്ക് ആറുകോടി രൂപ പ്രതിഫലം കുടിശ്ശിതയായതോടെയാണ് അച്ചടി മുടങ്ങിയത്. ഇതിന് പിന്നാലെയാണ് സോഫ്റ്റ്വെയറും പണിമുടക്കിയത്.സാങ്കേതിക പിഴവ് എന്ന് പരിഹരിക്കപ്പെടുമെന്നതിൽ കൃത്യമായ മറുപടി നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിനും കഴിയുന്നില്ല. സെർവ്വർ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന മറുപടിയാണ് കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഇത് എപ്പോൾ പരിഹരിക്കപ്പെടുമെന്നതിൽ നിശ്ചയമില്ല. വൈകിട്ട് ആറുമുതൽ രാവിലെ ഒമ്പതുവരെ മാത്രമേ പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന സന്ദേശം വ്യാഴാഴ്ച വൈകിട്ട് മുതൽ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്നുണ്ട്.
No comments
Post a Comment