ഇവര്‍ ഇന്ത്യയുടെ ഗഗനചാരികള്‍! ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും, ഇവരാണ് ആ നാലുപേര്‍
പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്‍റെ തലവൻ മലയാളിയാണെന്നത് കേരളത്തിനിത് അഭിമാനനിമിഷമായി മാറി. നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. തുമ്പയിലെ വിഎസ്എസ്‍സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന സുപ്രധാന ചടങ്ങ് നടന്നത്.
തിരുവനന്തപുരം വിഎസ്എസ്‍സിയിലെത്തി നരേന്ദ്ര മോദി മോദി ഗഗൻയാൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. വിഎസ്എസ്‍സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിൻ & സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇന്‍റഗ്രേഷൻ ഫെസിലിറ്റി. എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് തുടങ്ങിയവരും പങ്കെടുത്തു.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതൽക്കൂട്ടാകാൻ പോകുന്ന മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ പരിപാടിക്കുശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കും. തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.
No comments
Post a Comment