ലോക്സഭ തിരഞ്ഞെടുപ്പ് 2024: അന്തിമ വോട്ടർ പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അന്തിമ വോട്ടർ പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം കൗൾ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തിറക്കിയത്. പുതുതായി പേര് ചേർക്കേണ്ടവരും സ്ഥലം മാറ്റേണ്ട വരും ഈ മാസം 25-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക നൽകേണ്ട അവസാന ദിവസമായ ഏപ്രിൽ നാല് വരെ പേര് ചേർക്കാൻ അവസരമുണ്ടെങ്കിലും, അപേക്ഷ പരിശോധിക്കൽ 10 ദിവസത്തെ സമയം ആവശ്യമാണ്. അതിനാൽ, 25-ന് മുൻപ് അപേക്ഷ സമർപ്പിക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്.
ഏപ്രിൽ നാലിന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം നാട്ടിലില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, മരിച്ചവർ എന്നിവരുടെ പട്ടിക ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് ശേഖരിക്കുന്നതാണെന്ന് സഞ്ജയ് എം കൗൾ വ്യക്തമാക്കി. തുടർന്ന് ഈ പട്ടിക വോട്ടടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറുന്നതാണ്. ഇതിൽ ഉൾപ്പെട്ട ആരെങ്കിലും വോട്ട് ചെയ്യാൻ എത്തിയാൽ സത്യവാങ്മൂലവും, വിരലടയാളവും ശേഖരിച്ചതിനുശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ. പേര് ഒന്നിലധികം തവണ ചേർത്തവരെയും, മരിച്ചവരെയും മറ്റും കണ്ടെത്തി 30.44 ലക്ഷം പേരെയാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.
No comments
Post a Comment