അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളെത്തി
കണ്ണൂർ :- അടുത്ത അധ്യയന വർഷം ജില്ലയിൽ വിതരണം ചെയ്യേണ്ട പാഠപുസ്തകങ്ങൾ ഡിപ്പോയിലെത്തി. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസ്സുകളിലേക്കുള്ള വിവിധ വിഷയങ്ങളുടെ ഒന്നാം ഭാഗങ്ങളായ പുസ്തകങ്ങളാണ് ഡിപ്പോയിൽ എത്തിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ ഇത്തവണ മാറിയ പാഠപുസ്തകങ്ങൾ എറണാകുളം കാക്കനാട്ടെ കേരള പ്രിന്റിങ് ആൻഡ് പബ്ലിഷേഴ്സ‌് സൊസൈറ്റിയിൽ പ്രിന്റിങ് നടക്കുകയാണ്. പ്രിന്റ്റിങ് പൂർത്തിയാകുന്നതനുസരിച്ച് പുസ്തകങ്ങൾ ഡിപ്പോയിലെത്തും.
ആകെ 24 ലക്ഷത്തോളം പുസ്തകങ്ങളാണ് ഇത്തവണ ജില്ലയിലേക്ക് എത്തേണ്ടത്. ഇതിൽ 50 ശതമാനത്തോളം പുസ്തകങ്ങൾ ആദ്യദിവസം എത്തി. പയ്യാമ്പലത്തെത്തിയ പുസ്തകങ്ങൾ തരംതിരിക്കുന്ന പ്രവൃത്തി ഈ ആഴ്ച ആരംഭിക്കുമെന്നും അഞ്ച് മുതൽ സ്കൂൾ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുമെന്നും ജില്ലാ പാഠപുസ്തക വിതരണവിഭാഗം സൂപ്പർവൈസർ കെ.വി ജിതേഷ് പറഞ്ഞു.കഴിഞ്ഞ വർഷവും പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്തിരുന്നു.
No comments
Post a Comment