സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് താഴേക്ക്; എസ്എഫ്ഐ കൊന്നതെന്ന ബോർഡുമായി കെഎസ്‍യു.
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ വീടിന് മുന്നിൽ സിപിഎം സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി. 'എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർത്ഥനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക' എന്നായിരുന്നു ഫ്ലെക്സ് ബോർഡിലുണ്ടായിരുന്നത്. എന്നാൽ ഈ ബോർഡിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾക്കിടെ കെഎസ്‍യു അവരുടെ ഫ്ലെക്സ് ബോർഡുമായി എത്തി. "എസ്എഫ്ഐ കൊന്നതാണ്" എന്നെഴുതിയ ബോർഡാണ് കെഎസ്‍യു സ്ഥാപിച്ചത്അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി.
മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവര്‍ക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്
No comments
Post a Comment