Header Ads

  • Breaking News

    മെഡിക്കൽ ഉപകരണങ്ങളും ചില പുതുതലമുറ മരുന്നുകളും ദേശീയ അവശ്യ മരുന്ന് പട്ടികയിൽ ഉൾപ്പെടുത്തിയേക്കും ; പഠിക്കാൻ പ്രത്യേക സമിതി



    കണ്ണൂർ :- മെഡിക്കൽ ഉപകരണങ്ങളും ചില പുതുതലമുറ മരുന്നുകളും ദേശീയ അവശ്യ മരുന്ന് പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. മൂന്നുമാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. അവശ്യ മരുന്ന് പട്ടികയിലുള്ളവയാണ് വിലനിയന്ത്രണ പരിധിയിൽ വരുന്നത്. അതിനാൽ ഈ പട്ടികയിലുള്ള മരുന്ന്/ഉത്പന്നങ്ങൾക്ക് വില കുറയുമെന്നതാണ് ആകർഷണം. നിലവിൽ ദേശീയ അവശ്യ മരുന്ന് പട്ടികയിൽ 384 മരുന്നുകളാണുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ ഈ പട്ടികയിൽ ഉൾപ്പെട്ടാൽ ചികിത്സച്ചെലവ് കുറയും.

    നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ചെയർമാൻ, ഫാർമസ്യൂട്ടിക്കൽ വകുപ്പ് സെക്രട്ടറി, വകുപ്പിൻ്റെ സാമ്പത്തിക ഉപദേഷ്ടാവ് എന്നിവരാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങൾ. .ഔഷധവ്യവസായ മേഖലയിൽ നിന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് ജനറൽ സെക്രട്ടറി, ഡ്രഗ്‌സ് മാനുഫാക്‌ചേഴ്സ‌സ് അസോസിയേഷൻ സി.ഇ.ഒ എന്നിവരും കമ്മിറ്റിയിൽ ഉണ്ട്. അവശ്യ മരുന്ന് പട്ടിക പരിഷ്രിക്കുക, വില നിയന്ത്രിക്കുക, മരുന്ന് ലഭ്യത ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളാണ് കമ്മിറ്റി പരിശോധിക്കുക. ഒപ്പം ഔഷധവ്യവസായ മേഖലയ്ക്ക് പ്രോത്സാഹനവും നൽകുന്ന നിലപാടുകളും ഉണ്ടാകും. വിവിധ മെഡിക്കൽ ഉപകരണങ്ങൾ, കാൻസറിന് വ്യക്തിഗത ചികിത്സയ്ക്ക് ഉപയോഗിക്കുന്നതും പുതുതലമുറയിൽപ്പെട്ടതുമായ ചില മരുന്നുകൾ എന്നിവ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യവും വിശദമായി പഠിക്കും.

    No comments

    Post Top Ad

    Post Bottom Ad