Header Ads

  • Breaking News

    കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ കിണറിൽ വീണു; ഒരു ദിവസത്തിന് ശേഷം വീട്ടമ്മയെ രക്ഷപ്പെടുത്തി


     കാട്ടു പന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ അബദ്ധത്തിൽ വീടിനടുത്തുള്ള പുരയിടത്തിലെ കിണറിൽ വീണ വീട്ടമ്മയെ ഒരു ദിവസത്തിന് ശേഷം അടൂർ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഏറത്തു വയല പരുത്തിപ്പാറയിൽ ആണ് സംഭവം.ഏറത്തു പഞ്ചായത്തിൽ വയല പരുത്തിപ്പാറ പ്ലാവിളയിൽ വീട്ടിൽ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബു(58)ആണ് 50 അടിയോളം താഴ്‌ചയുള്ളതും 5 അടിയോളം വെള്ളം ഉള്ളതുമായ കിണറ്റിൽ അകപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ എലിസബത്തിനെ കാണാതാകുകയായിരുന്നു.പന്നി ശല്യം രൂക്ഷമായ പ്രദേശമാണിവിടം. പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാനായി ഓടിയ എലിസബത്ത് നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോൾ നെറ്റ് പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.


    എന്നാൽ എലിസബത്ത് കിണറ്റിൽ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും എലിസബത്തിനു വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു അന്വേഷണത്തിൽ ഉച്ചയ്ക്ക് അടുത്തുള്ള പുരയിടത്തിലെ കിണറ്റിൽ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് എലിസബത്ത് കിണറ്റിൽ അകപ്പെട്ട വിവരം അറിയുന്നത്. നാട്ടുകാർ വിവരം അടൂർ ഫയർ ഫോഴ്സിൽ അറിയിച്ചു . ഫയർ ഫോഴ്സ് ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.

    ഗ്രേഡ് എഎസ്ടിഒ അജികുമാർ, ഫയർ ഓഫീസർ അഭിലാഷ് എന്നിവർ കിണറ്റിലിറങ്ങി എലിസബത്തിനെ നെറ്റിൻ്റെ സഹായത്തോടെ പുറത്തെത്തിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. ഏകദേശം ഒരു ദിവസത്തോളം കിണറ്റിൽ അകപ്പെട്ട് അവശയായ എലിസബത്തിനെ ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad