Header Ads

  • Breaking News

    എ.ഐ ഫോട്ടോ എഡിറ്റിങ് ഫീച്ചറും, ചാറ്റ്‌ബോട്ടും- വാട്‌സാപ്പില്‍ പുതിയ ഫീച്ചറുകള്‍ ഒരുങ്ങുന്നു

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള എ.ഐ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ മെറ്റ എ.ഐ സേവനത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്താനുള്ള ശ്രമവും വാട്‌സാപ്പ് നടത്തുന്നുണ്ട്.

    വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.24.7.13 അപ്‌ഡേറ്റിലാണ് എ.ഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കോഡ് കണ്ടെത്തിയത്. നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ നിലവില്‍ ബീറ്റാ ഉപഭോക്താക്കള്‍ക്ക് പരീക്ഷിക്കുവാന്‍ സാധിക്കില്ല.

    വാട്‌സാപ്പ് ആപ്പില്‍ ഫീച്ചര്‍ എങ്ങനെയാണ് കാണുക എന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് വാബീറ്റാ ഇന്‍ഫോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ചിത്രം അയക്കുന്നതിനായി തിരഞ്ഞെടുക്കുമ്പോള്‍ മുകളില്‍ കാണുന്ന എഡിറ്റിങ് ഓപ്ഷനുകള്‍ക്കൊപ്പമാണ് എ.ഐ എഡിറ്റിങ് ബട്ടനും ഉണ്ടാവുക. ഇതില്‍ ടാപ്പ് ചെയ്താല്‍, ബാക്ക്‌ഡ്രോപ്പ്, റീസ്റ്റൈല്‍, എക്‌സ്പാന്റ് എന്നീ ഓപ്ഷനുകള്‍ കാണാം. എന്തിനെല്ലാം വേണ്ടിയുള്ളതാണ് ഈ ഓപ്ഷനുകള്‍ എന്ന് വ്യക്തമല്ല.

    ആന്‍ഡ്രോയിഡ് 2.24.7.14 ബീറ്റാ പതിപ്പിലെ മറ്റൊരു എഐ ഫീച്ചറാണ് മെറ്റ എ.ഐ ചാറ്റ്‌ബോട്ട്. ചാറ്റ്ജിപിടിയ്ക്ക് സമാനമായി മെറ്റ വികസിപ്പിച്ച ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ളതാവും വാട്‌സാപ്പിലെ ചാറ്റ്‌ബോട്ട്.

    ഈ രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകള്‍ മാത്രമാണ് കണ്ടെത്തിയത്. അവ നിലവില്‍ ഉപയോഗിക്കാനാവില്ല. താമസിയാതെ തന്നെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെട്ടേക്കും. ബീറ്റാ ഉപഭോക്താക്കള്‍ക്കാവും ആദ്യം ഇത് ലഭിക്കുക. ഐ.ഒ.എസ് ഉള്‍പ്പടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഈ സൗകര്യം ലഭിച്ചേക്കും.

    No comments

    Post Top Ad

    Post Bottom Ad