Header Ads

  • Breaking News

    രക്ഷിതാക്കൾ ടെൻഷനടിക്കേണ്ട, കുട്ടികള്‍ ഇനി കാര്‍ട്ടൂണ്‍ കണ്ട് ഭാഷ പഠിക്കും



    കോഴിക്കോട്: ഇന്നൊരു കാർട്ടൂൺ കണ്ടാലോ? വടകര പാലയാട് എൽ.പി. സ്കൂളിലെ അധ്യാപിക സുസ്മിത ഒന്നാംക്ലാസുകാരോടു ചോദിച്ചു. ‘ആാാാ’ ത്രില്ലടിച്ച കുട്ടികളുടെ ഒരേസ്വരത്തിലുള്ള മറുപടി. യജമാനനോടൊപ്പം പുഴയിൽ മീൻപിടിക്കാൻ പോകുന്ന നായയുടെയും മീൻ കട്ടുതിന്നാൻ വരുന്ന കൊക്കിന്റെയും കഥപറയുന്ന വീഡിയോ പ്ലേ ചെയ്തു. ഭാഷ പഠിപ്പിക്കാനായി കുട്ടികളുടെ ഇഷ്ടവിനോദം തന്നെ ഉപയോഗിച്ച് ‘ദൃശ്യപാഠങ്ങളിൽ നിന്ന് ഭാഷാ മികവിലേക്ക്’ എന്ന പദ്ധതിയിലൂടെ വിജയഗാഥ രചിച്ച പാലയാട് സ്കൂളിന്റെ കഥ ഇവിടെ തുടങ്ങുന്നു.

    അഞ്ച് മിനിറ്റിൽത്താഴെയുള്ള ആനിമേഷൻ ദൃശ്യങ്ങളാണ് കാണിക്കുന്നത്. പശ്ചാത്തല സംഗീതമേയുള്ളൂ. സംഭാഷണങ്ങളോ വിവരണങ്ങളോ ഉണ്ടാകില്ല. കഥയിലെ ഒരു നിർണായക ഘട്ടത്തിൽ വീഡിയോ നിർത്തും. ഇനി കഥപറയേണ്ടത് കുട്ടികളാണ്. ഓരോ കുട്ടിക്കും ബോർഡിൽ കഥയിലെ ചിത്രങ്ങൾ വരയ്ക്കാനും കഥ എഴുതാനും അവസരം നൽകും. കുട്ടികൾ വരയ്ക്കുന്ന രംഗത്തിന്റെ വീഡിയോയിലെ ഭാഗം സ്‌ക്രീൻഷോട്ട് എടുത്ത് അധ്യാപകർ ക്ലാസ് ഗ്രൂപ്പിൽ പങ്കുവെക്കണം.

    വീട്ടിൽ നിന്ന് രക്ഷിതാക്കളുടെ സഹായത്തോടെയാണ് ഇനിയുള്ള പ്രവർത്തനം. സ്കൂളിൽ കണ്ട കഥ കുട്ടി സ്‌ക്രീൻഷോട്ടുകളുടെ സഹായത്തോടെ വീണ്ടും ഓർത്തെടുത്ത് പറയുകയും അത് ചിത്രകഥകളാക്കി എഴുതുകയും വരയ്ക്കുകയും ചെയ്യണം.

    ആനിമേഷൻ ദൃശ്യത്തിൽ കുട്ടികൾ കാണാത്ത ഭാഗം ഭാവനയനുസരിച്ച് വിവിധ കഥകളാക്കി അവർ പൂർത്തിയാക്കും. ഈ ചിത്രകഥാ പുസ്തകത്തിൽ പലതരം കഥകളുമായിട്ടാണ് ഓരോ കുട്ടിയും വരുകയെന്ന് പദ്ധതി ആവിഷ്കരിച്ച അധ്യാപിക എസ്. സുസ്മിത പറഞ്ഞു. കുട്ടികൾ തയ്യാറാക്കിയ ഈ ചിത്രകഥാ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ സൂക്ഷിക്കും.

    കഴിഞ്ഞദിവസം കാണിച്ച വീഡിയോയുടെ ബാക്കി ഭാഗം നിർബന്ധമായും കുട്ടികൾക്ക് കാണിച്ചുകൊടുക്കണമെന്നും അവർ പറഞ്ഞു. ആശയങ്ങളിലൂന്നിയുള്ള ഭാഷാപഠനമാണ് പദ്ധതിക്കാധാരം.ബോർഡിൽ കുട്ടികൾ കഥയെഴുതുമ്പോൾ തെറ്റുകളുണ്ടാകും. പലതും അവർ സ്വയം തിരുത്തും. കുട്ടികൾ സ്വയം എഡിറ്റിങ്ങും ചെയ്യാറുണ്ടെന്നും സുസ്മിത പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad