ആടുജീവിത'ത്തിന് വ്യാജ പ്രിന്റുകൾ ; കടുത്ത നിയമനടപടികളുമായി നിർമ്മാതാക്കൾ
തിരുവനന്തപുരം :- പൃഥ്വിരാജിന്റെ 'നജീബും' ബ്ലെസ്സിയുടെ 'ആടുജീവിതവും' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മാർച്ച് 28ന് പ്രദർശനത്തിന് എത്തിയ ചിത്രം ലോകവ്യാപകമായി കൈയ്യടി നേടി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ ഇതിന്റെ പൈറേറ്റഡ് പ്രിന്റുകൾ എന്ന നിലയിൽ ലിങ്കുകളും മെസ്സേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തരം പ്രിന്റുകളും മറ്റും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും എതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് 'ആടുജീവിതം' അണിയറപ്രവർത്തകർ. വാട്ട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രിന്റ്, ലിങ്ക് എന്നിവ ഷെയർ ചെയ്ത എല്ലാവരുടെ പേരിലും സൈബർ സെൽ കേസ് എടുക്കുകയും, കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ പോകുന്നത് വിലക്കുന്നതടക്കം കടുത്ത നിയമനടപടികളിലേക്കാണ് സൈബർ സെൽ നീങ്ങുന്നത്. സിനിമവ്യവസായത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നിയമങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് 'ആടുജീവിതം' അണിയറപ്രവർത്തകർ അറിയിച്ചു.
അതേസമയം, ആടുജീവിതം വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതിയുമായി സംവിധായകൻ ബ്ലെസി രംഗത്ത് എത്തിയിരുന്നു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. മൊബൈൽ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്. ഇതിനിടെ ചെങ്ങന്നൂരിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തെങ്കിലും ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കുമെന്നും ഇവർ അറിയിച്ചിരുന്നു. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മാര്‍ച്ച് 28ന് ആടുജീവിതം തിയറ്ററില്‍ എത്തിയത്.
No comments
Post a Comment