മകള്‍ക്ക് ലാപ് ടോപ് വാങ്ങിക്കൊടുക്കാനായില്ല, വീട് വിട്ടിറങ്ങി കാസർകോട് സ്വദേശിയായ പിതാവ്; ഷൊർണൂരിൽ കണ്ടെത്തി, പിന്നാലെ സര്‍പ്രൈസും
ഷൊർണൂർ: മകള്‍ക്ക് ലാപ്‌ടോപ് വാങ്ങിനല്‍കാൻ സാധിക്കാത്തതിൻറെ വിഷമത്തില്‍ വീടുവിട്ടിറങ്ങിയ പിതാവിനെ കണ്ടെത്തി. റെയില്‍വേ പോലീസാണ് കാസർഗോഡ് സ്വദേശിയെ ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടെത്തിയത്. പിന്നാലെ അച്ഛനും മകള്‍ക്കും പോലീസ് ഒരു സർപ്രൈസുമൊരുക്കി. കഴിഞ്ഞ ദിവസമായിരുന്നു അച്ഛനെ കാണാനില്ലെന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടത്. കാസർഗോഡ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു പെണ്‍കുട്ടി വിളിച്ചത്. തനിക്ക് നാളെ പരീക്ഷയാണെന്നും അച്ഛനെ കാണാതെ ഞാൻ പരീക്ഷ എഴുതില്ലെന്നും പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇദ്ദേഹത്തിന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ ഇദ്ദേഹം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഷൊർണൂർ പോലീസ് സ്റ്റേഷനിലെത്തി തിരഞ്ഞപ്പോള്‍ അവിടെ സ്റ്റോണ്‍ ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്നു ഇദ്ദേഹം. പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് ഇദ്ദേഹം. മകള്‍ കഴിഞ്ഞ രണ്ട് മാസമായി ലാപ് ടോപ്പ് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുച്ഛമായ വരുമാനം കൊണ്ട് മകളുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും പരീക്ഷയ്ക്ക് ലാപ് ടോപ് വേണമെന്ന് മകള്‍ ആവശ്യപ്പെടുകയായിരുന്നു. വാങ്ങാൻ പൈസയില്ലാത്തതിനാല്‍ ഇദ്ദേഹം ബുധനാഴ്ച വൈകീട്ട് വീട് വിട്ട് ഇറങ്ങുകയായിരുന്നു. അതേസമയം അച്ഛന്റേയും മകളുടേയും സങ്കടം തിരിച്ചറിഞ്ഞ റെയില്‍വേ പോലീസ് മകള്‍ക്ക് ഒരു ലാപ് ടോപ് നല്‍കി സർപ്രൈസ് ഒരുക്കി. വാണിയംകുളം തൃക്കങ്ങോട് കാളിയാർമഠം ക്ഷേത്രത്തിലെ മഠാധിപതി കൃഷ്ണൻ കാളിയാറും പോലീസുകാരും ചേർന്നാണ് ലാപ്‌ടോപ്പ് വാങ്ങിനല്‍കിയത്. എന്തുചെയ്യണമെന്നറിയാതെ കിടക്കുകയായിരുന്നെന്നും ജീവനും ജീവിതവും തിരിച്ചുനല്‍കിയത് ഷൊർണൂർ പോലീസാണെന്നും പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കാസർഗോഡ് നിന്നെത്തി അദ്ദേഹവുമായി നാട്ടിലേക്ക് മടങ്ങി.
No comments
Post a Comment