Header Ads

  • Breaking News

    പൗരത്വ ഭേദഗതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന അപേക്ഷകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും


    പൗരത്വ ഭേദഗതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന അപേക്ഷകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർജികൾ സമർപ്പിച്ച കക്ഷികളുടെ അടക്കം അപേക്ഷകളാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി വൈ എഫ് ഐ, മുസ്ലിം ലീഗ് തുടങ്ങിയവർ നൽകിയ അപേക്ഷകളും ഇന്ന് പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.2019ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഹർജി നിലനിൽക്കുമ്പോൾ ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ് എന്ന വാദമാണ് ഹർജിക്കാർ ഉന്നയിക്കുക. ചട്ടങ്ങൾ പിൻവലിക്കാൻ തയ്യാറല്ല എന്ന നിലപാട് കേന്ദ്രസർക്കാർ സുപ്രിംകോടതി അറിയിക്കും. നിയമനിർമാണത്തിനുള്ള പാർലമെന്റിന്റെ അവകാശം അനുസരിച്ചാണ് നിയമം യാഥാർത്ഥ്യമാക്കിയത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്മേൽ ചട്ടങ്ങൾ ചമയ്ക്കുക എന്ന നടപടിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇത് നിയമവിരുദ്ധമല്ലെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ല ഈ നിയമം എന്നും സർക്കാർ ഇന്ന് കോടതിയിൽ വ്യക്തമാക്കും.പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ചിരുന്നു. രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുക എന്നത് തങ്ങളുടെ പരമാധികാര അവകാശമാണ്. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. സിഎഎ മുസ്ലീങ്ങൾക്ക് എതിരല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.


    പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് ആവർത്തിച്ചത്. “ഞാൻ മുമ്പ് വിവിധ പ്ലാറ്റ്‌ഫോമുകളിൽ 41 തവണയെങ്കിലും സിഎഎയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് അപ്പോഴെല്ലാം ഞാൻ വിശദമായി പറഞ്ഞിരുന്നു”- ഷാ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെ പീഡിപ്പിക്കപ്പെടുന്ന അമുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് സിഎഎ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹംപറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad